അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു • ഇ വാർത്ത | evartha
Sports, WORLD CUP 2018

അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു

സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗിലെ നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം മറഡോണ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരെത്തി ചികിത്സിച്ച ശേഷമാണ് മറഡോണയ്ക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാനായത്. അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ വികാരഭരിതനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കു വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹം സ്റ്റേഡിയത്തില്‍നിന്ന് തന്റെ ഹോട്ടലിലേക്ക് പോയി.

മയക്കുമരുന്നിന് അടിമയായ മറഡോണയുടെ ആരോഗ്യനില നേരത്തെതന്നെ മോശമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2007ല്‍ അദ്ദേഹം കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സ തേടിയിരുന്നു.