തരികിട സാബുവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം: പൊലീസ് സ്റ്റേഷനില്‍ യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ കുത്തിയിരുപ്പ് പ്രതിഷേധം

single-img
27 June 2018

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ച അവതാരകനും നടനുമായ തരികിട സാബുവിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍ കണ്ണൂര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ചാനലിലെ റിയാലിറ്റി ഷോയിലടക്കം തരികിട സാബു പ്രത്യക്ഷപ്പെട്ടിട്ടും പൊലീസ് മനപൂര്‍വ്വം അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് ലസിത പാലയ്ക്കല്‍ ആരോപിച്ചു. ലസിതയ്ക്ക് പിന്തുണ അറിയിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുരേഷ് ബാബുവും പൊലീസ് സ്റ്റേഷനിലെത്തി.

ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് നിന്നുള്ള രേഖകള്‍ കിട്ടാന്‍ വൈകുന്നതിനാലാണ് സാബുവിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ സാബുവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന എസ്‌ഐയുടെ ഉറപ്പിനെ തുടര്‍ന്ന് ലസിത സമരം അവസാനിപ്പിച്ചു. സാബുവിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേയുള്ള പ്രതിഷേധം ശക്തമാകുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പാനൂര്‍ സ്റ്റേഷന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരുന്നു.