മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ തുടങ്ങി

single-img
27 June 2018

ഇളയദളപതി വിജയ്‌യോടൊപ്പം ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴകത്തേക്ക് എത്തുന്ന പുതിയ ചിത്രത്തില്‍ സൂര്യയാണ് നായകവേഷത്തില്‍. സിനിമയില്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ഹിറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന കെ.വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.

അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ ജൂണ്‍ 30ന് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഇപ്പോള്‍ ലണ്ടനില്‍ തന്നെ ചിത്രീകരണം പുരോഗമിക്കുന്ന രഞ്ജിത്ത് ചിത്രമായ ഡ്രാമയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍.

അതേസമയം സെന്‍വരാഘവന്‍ ചിത്രമായ എന്‍ജികെയുടെ ചിത്രീകരണ തിരക്കിലാണ് സൂര്യ. നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം ബൊമന്‍ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും.

യന്തിരന്‍, കത്തി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തെ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയില്‍ വിശിഷ്ടാതിഥിയായി സൂര്യ എത്തിയിരുന്നു.

വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒടിയന്‍, അജോയ് വര്‍മ്മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. സൂര്യയോടൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.