‘ഗണേഷ് കുമാറിനെപ്പോലൊരു ആഭാസനുള്ള സംഘടനയില്‍ തുടരാന്‍ താത്പര്യമില്ല’; ‘അമ്മ’യില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി രാജിവെക്കാന്‍ കാരണം ഗണേഷ് കുമാറെന്ന് ആരോപണം

single-img
27 June 2018

അമ്മ സംഘടനയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി രാജിവെക്കാന്‍ കാരണം ഗണേഷ് കുമാറെന്ന് ആരോപണം. മലയാള സിനിമയിലെ സൂപ്പര്‍ താരത്തോടാണ് ആക്രമിക്കപ്പെട്ട നടി ഇത് സംബന്ധിച്ച് അഭിപ്രായം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേഷ്‌കുമാറിനെ പോലെ ഒരു ആഭാസനുള്ള സംഘടനയില്‍ തുടരാന്‍ താത്പര്യമില്ലെന്നറിയിച്ചാണ് ആക്രമിക്കപ്പെട്ട നടി താരസംഘടനയില്‍ നിന്ന് രാജിവെച്ചതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡിയില്‍ ഗണേഷ്‌കുമാറിനെ വൈസ് പ്രസിസഡന്റുമാരില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി രാജിവെച്ചതെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

അതേസമയം 2010ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ മോഹന്‍ലാലിന് അന്തരിച്ച നടന്‍ തിലകന്‍ അയച്ച കത്തും ചര്‍ച്ചയാകുന്നുണ്ട്. നീതി കിട്ടുന്നില്ലെന്ന പരാതിയില്‍ ഗണേഷ്‌കുമാറിന്റെ ഗുണ്ടകളില്‍ നിന്നും വധഭീഷണിയും നേരിട്ടുവെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പരാതിയറിച്ചിട്ടും സംഘടന നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അമ്മ മൗനം പാലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഒരു വിഭാഗം സിനിമാ രാജാക്കന്‍മാരാണ് തന്നെ മാറ്റി നിര്‍ത്തിയത്. സംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയ വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

വിവാദപരാമര്‍ശങ്ങളെ തുടര്‍ന്ന് കരാറൊപ്പിട്ട ചിത്രങ്ങളില്‍ നിന്നു വരെ തന്നെ ഒഴിവാക്കിയെന്നും തിലകന്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു. ജനാധിപത്യ മര്യാദ ലംഘിക്കുന്ന നടപടികളാണ് സംഘടന കൈക്കൊണ്ടത്. തന്റെ വിശദീകരണം പോലും കേട്ടില്ല.

സംഘടന കൊണ്ട് മലയാള സിനിമയ്ക്ക് നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് തിലകന്‍ കത്തില്‍ കുറ്റപ്പെടുത്തി. തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ന്യായീകരിക്കാനാകാത്ത മൗനം പാലിച്ച അമ്മയുടെ നടപടി തെറ്റായിരുന്നുവെന്നും തിലകന്‍ കത്തില്‍ പറയുന്നു.

 

മഞ്ജുവാര്യര്‍ വനിത സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്നും രാജിവച്ചു?; വിമന്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍ന്നുവെന്നും റിപ്പോര്‍ട്ട്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സംഘടനാ ഭാരവാഹികള്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ രാജിയും എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നതകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഡബ്ല്യൂസിസിയുടെ കഴിഞ്ഞ യോഗങ്ങളില്‍ മഞ്ജു തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഘടനയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് സംവിധായിക വിധു വിന്‍സന്റ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം രൂപം കൊണ്ട ഈ സംഘടനയില്‍ മഞ്ജു വാര്യര്‍ ഏറെ സജീവമായിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാമെന്ന് തീരുമാനമെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ രണ്ടഭിപ്രായം ഉടലെടുത്തിരുന്നു.

പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്ന വിശദീകരണമാണ് ദിലീപിനെ തിരിച്ചടക്കുന്നതിന് കാരണമായി അമ്മ മുന്നോട്ട് വച്ചത്. ഇതിന് പിന്നാലെ താന്‍ ഇനി അമ്മയുമായി സഹകരിക്കില്ലെന്ന് അക്രമിക്കപ്പെട്ട നടി ഡബ്ല്യുസിസിയില്‍ അംഗങ്ങളായ സുഹൃത്തുക്കളോട് വ്യക്തമായിരുന്നു.

താന്‍ ഇനി സിനിമയിലേക്കില്ലെന്നും അതുകൊണ്ടുതന്നെ എല്ലാറ്റില്‍നിന്നും അകന്നു വളരെ സാധാരണമായ ജീവിതം നയിക്കുക മാത്രമേ ലക്ഷ്യമുള്ളുവെന്നും അക്രമിക്കപ്പെട്ട നടി വിശദമാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്നു നടിമാര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അക്രമിക്കപ്പെട്ട നടിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മഞ്ജു വാര്യര്‍ അമ്മയില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്.

നടിയോടൊപ്പം ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചുവെങ്കിലും അതു വേണ്ടെന്നു പിന്നീടു തീരുമാനിച്ചുവെന്നാണ് ഇതിനെക്കുറിച്ച് ഡബ്ല്യുസിസി പ്രതികരിക്കുന്നത്. ഡബ്ല്യുസിസി രൂപീകരിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായ മഞ്ജു അക്രമിക്കപ്പെട്ട നടിയ്ക്കായി ഇനി എന്ത് നീക്കമാണ് നടത്തുകയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

അതേസമയം ഡബ്ല്യൂസിസിയില്‍ നിലവിലെ സാഹചര്യങ്ങളും നാല് പേരുടെ രാജിയും തങ്ങളെ ബാധിക്കുന്നില്ലെന്നാണ് അമ്മയുടെ നേതൃത്വത്തിന്റെ് നിലപാട്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് അമ്മ തയാറായിട്ടുമില്ല. കൂടുതല്‍ നടിമാര്‍ ഡബ്ല്യൂസിസിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിക്ക് തയാറാകുമോ എന്നും കാത്തിരിക്കുകയാണ് താരസംഘടന. അതേസമയം ദിലീപ് വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച താരങ്ങള്‍ക്ക് എതിരേ അമ്മ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തയാറെടുക്കുകയായിരുന്നുവെന്നും ഇതും നടിമാരുടെ രാജിക്ക് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.