നമ്മള്‍ എന്ത് വിശ്വസിച്ച് മീന്‍ വാങ്ങി കഴിക്കും: ഫോര്‍മാലിന്‍ ചേര്‍ത്ത മീനിനൊപ്പം ‘ആന്റിബയോട്ടിക് ചെമ്മീനും’ കേരളത്തിലേക്ക് ഒഴുകുന്നു

single-img
27 June 2018

ഇതരസംസ്ഥാനങ്ങളില്‍നിന്ന് പ്രതിദിനം കേരളത്തിലെ വിപണിയില്‍ എത്തുന്നത് 1000 മുതല്‍ 1200 ടണ്‍ വരെ മത്സ്യം. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യത്തിന്റെ 40 ശതമാനവും കൊണ്ടുവരുന്നത് പുറത്തുനിന്നാണ്. ഇവക്ക് കൃത്രിമ ഗുണനിലവാരമുണ്ടാക്കാന്‍ ചേര്‍ക്കുന്നതാകട്ടെ മാരക രാസപദാര്‍ഥങ്ങളും.

വരവ് മത്സ്യത്തില്‍ നല്ലൊരു ഭാഗവും വിഷത്തില്‍ മുങ്ങിയാണ് വിപണിയില്‍ എത്തുന്നത്. ശരാശരി 2000 മുതല്‍ 2500 ടണ്‍ വരെ മത്സ്യമാണ് ഒരു ദിവസം മലയാളികള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ 60 ശതമാനം മാത്രമേ കേരളത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തിലൂടെയും കൃഷിയിലൂടെയും ലഭിക്കുന്നുള്ളൂ.

 

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം: മീന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക http://www.evartha.in/2018/06/22/formalin-fish.html

Posted by evartha.in on Friday, June 22, 2018

 

ബാക്കി കര്‍ണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. മത്സ്യം ഉല്‍പാദനം കുറയുന്ന മാസങ്ങളില്‍ ഇത് 60 ശതമാനം വരെയെത്തും. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ ഗോവ, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മാസങ്ങള്‍ വരെ പഴക്കമുള്ള മത്സ്യം അമിതമായനിലയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിക്കൊണ്ടിരുന്നത്.

അമിതലാഭം മോഹിച്ചാണ് വിഷം ചേര്‍ക്കുന്ന കടുംകൈക്ക് വന്‍കിട മത്സ്യലോബി തയാറാകുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത് മീന്‍ കടല്‍മാര്‍ഗവും സംസ്ഥാനത്തേക്ക് എത്തുന്നുവെന്നും പറയപ്പെടുന്നു. രാസവസ്തു ചേര്‍ത്ത മത്സ്യം മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍നിന്ന് കടല്‍മാര്‍ഗം ചെറിയ ബോട്ടുകള്‍ വഴിയാണ് കേരള തീരങ്ങളിലേക്ക് വരുന്നത്.

ചെക് പോസ്റ്റുകളില്‍ ലോറികള്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ് കടല്‍മാര്‍ഗ കടത്തുതുടങ്ങിയത്. ട്രോളിങ് നിരോധനവും മത്സ്യലഭ്യതക്കുറവും മുന്‍കൂട്ടി കണ്ട ഇതര സംസ്ഥാന മത്സ്യലോബികള്‍ മാസങ്ങള്‍ക്ക് മുമ്പേ പുറം തോട് കട്ടിയുള്ള മത്സ്യങ്ങളായ ചൂര, പാര, വത്തപാര, നെയ്മീന്‍, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോക് ചെയ്തിരുന്നു.

ഇതാണ് കൂടുതല്‍ അപകടകരമായരീതിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുറമുഖങ്ങളില്‍നിന്ന് ചെറുമത്സ്യങ്ങള്‍പോലും ലേലം വിളിച്ച് എടുത്തവര്‍ കൂടുതല്‍ വില പ്രതീക്ഷിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വില്‍പനക്ക് എത്തിക്കുകയാണ്.

അതേസമയം രോഗ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേഗത്തില്‍ വളര്‍ച്ചയെത്തിക്കാനാണ് ഇതരസംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ചെമ്മീന്‍ വളര്‍ത്തുന്നത്.

 

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!: ട്രോളിംഗ് ആയതിനാല്‍ കേരളത്തിലെ വിപണിയിലെത്തുന്നത് നേരത്തെ പിടികൂടി രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത http://www.evartha.in/2018/06/14/fish-8.html

Posted by evartha.in on Thursday, June 21, 2018

 

ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഒരു ആന്റിബയോട്ടിക്കും കഴിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുമ്പോഴാണ് കഴിക്കുന്ന മീനിലൂടെ ഒരു ക്രമവും നിയന്ത്രണവുമില്ലാതെ ഈ മരുന്നുകള്‍ ഉള്ളിലേക്ക് എത്തുന്നത്. ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യുറാന്‍, ടെട്രാസൈക്ലിന്‍ എന്നിങ്ങനെ ഇരുപതോളം ഇനത്തില്‍പെട്ട ആന്റിബയോട്ടിക്കുകള്‍ കൊടുത്ത് വളര്‍ത്തി വലുതാക്കിയ ചെമ്മീനുകളാണ് ഇപ്പോള്‍ അതിര്‍ത്തികടന്ന് തീന്‍മേശകളിലേക്ക് എത്തുന്നത്.

കേരളത്തിലേക്കുള്ള ചെമ്മീന്റെ വലിയ പങ്കും ഇപ്പോള്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. ആന്റിബയോട്ടിക് സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ വിദേശ കയറ്റുമതിക്ക് അനുമതി ലഭിക്കില്ല. അതുകൊണ്ട് തന്നെ അനധികൃത ചെമ്മീന്‍ കെട്ടുകളില്‍ വളര്‍ത്തുന്ന ഇവയത്രയും ഇപ്പോള്‍ മലയാളികള്‍ക്കായി എത്തുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ സ്ഥിരീകരിക്കുന്നു.

മല്‍സ്യകൃഷിയില്‍ ആന്റിബയോട്ടിക്കുകള്‍ പാടില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ഹോര്‍മോണ്‍ ഇറച്ചിക്കോഴികള്‍ക്ക് പുറമെയാണ് ഇപ്പോള്‍ ആന്റിബയോട്ടിക് ചെമ്മീനുകളും നമ്മുടെ തീന്‍മേശകളില്‍ വിഷം നിറയ്ക്കുന്നത്.