കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ കിടന്നു; മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായപ്പോള്‍ യുവതി ചെയ്തത് ആരയും ഞെട്ടിക്കുന്ന കാര്യം; വൈറലായി വീഡിയോ

single-img
27 June 2018

വാഹനം പാതിവഴിയില്‍ കേടുവരുന്നത് പുതിയ കാര്യമല്ല. പലപ്പോഴും സംഭവിക്കുന്ന കാര്യമാണ് അത്. എന്നാല്‍ സ്വന്തം വാഹനം വഴിയില്‍ കിടന്ന് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായാലൊന്നും ആര്‍ക്കും പ്രശ്‌നമാകാറില്ല. കാരണം സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നവരാണല്ലോ മിക്കവരും.

ഇതിന് അപവാദമായി ദക്ഷിണ ചൈനയില്‍ കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. മിയാന്‍യാംഗ് നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ചാണ് ഒരു യുവതിയുടെ കാര്‍ ബ്രേക്ക് ഡൗണ്‍ ആയത്. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെടാന്‍ തുടങ്ങി. ഇതോടെ യുവതി കാറില്‍ നിന്ന് പുറത്തിറങ്ങി ഗതാഗതകുരുക്കിലൂടെ കടന്നുപോയ വാഹനത്തിലുള്ളവരോടൊക്കെ മാപ്പപേക്ഷിച്ചു.

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല യുവതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. കാര്‍ കേടുവന്ന് ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും മറ്റ് യാത്രക്കാര്‍ക്ക് താന്‍ മൂലം നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ചോര്‍ത്ത യുവതിയുടെ വിശാലമനസിനെയാണ് എല്ലാവരും അഭിനന്ദിച്ചത്. കാല്‍നടയാത്രക്കാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ യുവതിയുടെ കാര്‍ അവിടെ നിന്ന് മാറ്റുകയായിരുന്നു.