ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ ക്യാമറാമാനെ മാറ്റി; മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന് ഇനി ക്യാമറ ചലിപ്പിക്കുന്നത് ആമേന്റെ ക്യാമറാമാന്‍

single-img
27 June 2018

 

 

മോഹന്‍ലാലിനെയും സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി.ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ അണിയറപ്രവര്‍ത്തകരില്‍ ഒരാളെ മാറ്റി.

ചിത്രത്തിന്റെ ക്യാമറാമാനെയാണ് മാറ്റിയത്. ജിഗര്‍തണ്ടയും അമ്മ കണക്കുമൊക്കെ ക്യാമറയില്‍ പകര്‍ത്തിയ ഗാവമിക് യു. അരിയെയാണ് ആദ്യം ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ഷൂട്ടിംഗ് ദിനത്തില്‍ തന്നെ ഗാവമികിനെ മാറ്റി ഛായാഗ്രാഹകനായി മറ്റൊരാളെ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് പുതിയ ഛായാഗ്രാഹകന്‍. ആമേന് ശേഷം ഡബിള്‍ ബാരലും തമിഴ് ചിത്രങ്ങളുമൊക്കെ അഭിനന്ദന്‍ ചെയ്തിരുന്നു. പൃഥ്വിരാജ് ആദ്യമായി നിര്‍മ്മാതാവാകുന്ന ജെന്യൂസ് മുഹമ്മദ് ചിത്രം നയനിന്റെയും ഛായാഗ്രാഹകന്‍ അഭിനന്ദന്‍ ആണ്.

മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ബൊമാന്‍ ഇറാനിയും സമുദ്രക്കനിയും ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ന്യൂയോര്‍ക്ക്, ബ്രസീല്‍, ഇംഗ്ലണ്ട്, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളൊക്കെ ലൊക്കേഷനുകളാണ്. സയ്യേഷയാണ് നായിക.