ദാസേട്ടന്റെ ഇപ്പോഴത്തെ ശബ്ദത്തോടാണ് എന്റെ ശബ്ദത്തിന് സാമ്യം കൂടുതലെന്ന് മമ്മൂക്ക പറഞ്ഞു: അഭിജിത്ത് വിജയന്‍

single-img
27 June 2018

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയ ഗായകനാണ് അഭിജിത് വിജയന്‍. എന്നാല്‍ പിന്നീട് അഭിജിത്തിനെ തേടിയെത്തിയത് രാജ്യാന്തര പുരസ്‌കാരനേട്ടമായിരുന്നു. ജയറാം നായകനായ ആകാശമിഠായി എന്ന ചിത്രത്തിലെ പാട്ടിനായിരുന്നു പുരസ്‌കാരം തേടിയെത്തിയത്.

ജയറാം തന്നെയായിരുന്നു അഭിജിത്തിന് സിനിമയില്‍ പാടാന്‍ അവസരം ഒരുക്കിയത്. മമ്മൂട്ടിയെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെയും അദ്ദേഹത്തിന് മുന്നില്‍ പാടാന്‍ കഴിഞ്ഞതിന്റെയും സന്തോഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് പങ്കുവെച്ചു.

അഭിജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

സാധാരണ കുറച്ച് ഭക്തിഗാനങ്ങളുമായി നടന്നിരുന്ന എന്നെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ജയറാമേട്ടനാണ്. അദ്ദേഹമാണ് ആകാശമിഠായിയിലെ ഗാനം എനിക്ക് വാങ്ങി തന്നത്. നടന്‍ സിദ്ദിഖിക്കയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് പുരസ്‌കാരം നഷ്ടപ്പെട്ടപ്പോള്‍ ജയസൂര്യച്ചേട്ടന്‍, സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ സാര്‍ എന്നിവരൊക്കെ വിളിച്ചാശ്വസിപ്പിച്ചിരുന്നു.

മറക്കാനാവാത്ത വലിയ അനുഭവം ഉണ്ടായത് മമ്മൂക്കയുടെ അടുത്തു നിന്നാണ്. എന്നെ പുരസ്‌കാരത്തിനായി പരിഗണിച്ച വാര്‍ത്ത കേട്ട് മമ്മൂക്ക വിളിച്ചു. കാണാന്‍ താല്‍പര്യമുണ്ടെന്നറിയിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് കാണാന്‍ ചെന്നു. എന്നെ കാരവാനിലിരുത്തി ഒരുപാടുനേരം സംസാരിച്ചു.

‘സ്വപ്നത്തിലോ സങ്കല്‍പലോകത്തിലോ’ എന്ന പാട്ടാണ് ആസമയത്ത് എനിക്ക് മനസില്‍ വന്നത്. ശരിക്കും ആ അവസ്ഥയിലായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചയാളാണ് എന്നോട് മാത്രമായി സംസാരിച്ചു കൊണ്ടിരിക്കുന്നത്.

അദ്ദേഹം പറയുന്നത് പകുതി മാത്രമേ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കി സ്വപ്നലോകത്തായിരുന്നു. അദ്ദേഹം എന്നെക്കൊണ്ട് കുറെ പാട്ടുകളൊക്കെ പാടിച്ചു. ദാസേട്ടന്റെ ഇപ്പോഴത്തെ ശബ്ദത്തോടാണ് എന്റെ ശബ്ദത്തിന് സാമ്യം കൂടുതലെന്ന് മമ്മൂക്ക പറഞ്ഞു.

പഴയ ദാസേട്ടന്റെ പാട്ടുകളൊക്കെ പാടിനോക്കണം. അതെല്ലാം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളില്‍ പാടാന്‍ അവസരമൊരുക്കാം എന്നു പറഞ്ഞു. ആ മുഹൂര്‍ത്തം അടുത്ത് വരുന്നുണ്ട്. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പിറന്ന ‘കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനത്തിലൂടെയായിരുന്നു അഭിജിത്ത് സംസ്ഥാന പുരസ്‌കാരത്തില്‍ അവസാന റൗണ്ടിലെത്തിയത്.