രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുന്നതാണ് കോടതിക്ക് നല്ലതെന്ന് വെല്ലുവിളിച്ച് വേതാന്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കി യോഗി ആദിത്യനാഥ്

single-img
26 June 2018

എന്തൊക്കെ തടസം നേരിട്ടാലും 2019 തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെന്ന് ബി.ജെ.പിയുടെ മുന്‍ നിയമസഭാ സാമാജികന്‍ രാം വിലാസ് വേതാന്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വേദിയിലിരിത്തിയായിരുന്നു വേതാന്തിയുടെ പ്രസ്താവന.

കോടതി വിധി വരെ കാത്തിരിക്കില്ലെന്നും രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്നും വേതാന്തി വ്യക്തമാക്കി. ”രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതി അനുവദിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടി വരും. ജനങ്ങള്‍ക്ക് ഞങ്ങള്‍ കൊടുത്ത വാക്കാണ് അവിടെ രാമക്ഷേത്രം ഉയരുമെന്നത്.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നും ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവു പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വേദാന്തിയുടെ പ്രസംഗം. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്” വേതാന്തി പറഞ്ഞു.

എന്നാല്‍ അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്.

ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പങ്കുണ്ടെന്ന കാര്യം മനസ്സില്‍ വെച്ചുകൊണ്ടു വേണം പ്രവര്‍ത്തിക്കാനെന്നും ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ നിങ്ങള്‍ കുറച്ചു കാലംകൂടി ക്ഷമയോടെ കാത്തിരിക്കണം ആദിത്യനാഥ് സന്യാസിമാരോട് പറഞ്ഞു.