തോമസ് ചാണ്ടിക്ക് കുരുക്ക്; റോഡ് നിര്‍മാണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് • ഇ വാർത്ത | evartha
Kerala

തോമസ് ചാണ്ടിക്ക് കുരുക്ക്; റോഡ് നിര്‍മാണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിജിലന്‍സ്

എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കേണ്ട എംപി ഫണ്ട് ഉപയോഗിച്ചു റോഡ് നിര്‍മ്മിച്ചത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്നും വിജിലന്‍സ് നിലപാടെടുത്തു.

തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി ഹൈക്കോടതി അടുത്ത മാസം ആറിന് പരിഗണിക്കാന്‍ മാറ്റി.

എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്നെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.