ഓണ്‍ലൈനായും അല്ലാതെയും റേഷന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ ?

single-img
26 June 2018

www.civilsupplieskerala.gov.in ല്‍നിന്ന് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോം ഡൗണ്‍ലോഡ് ചെയ്യാം. ഇതല്ലാതെ താലൂക്ക് സപ്ലൈ ഓഫിസ്, തദ്ദേശ സ്ഥാപനം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമായ മാതൃകയുടെ പകര്‍പ്പ് എടുക്കാം.

തറവാട്ടുവീട്ടിലെ കാര്‍ഡില്‍ പേര് ഉള്‍പ്പെടുകയും ഇപ്പോള്‍ മാറിത്താമസിക്കുകയും ചെയ്തവര്‍ക്ക് റേഷന്‍ കാര്‍ഡ് എടുക്കാന്‍ തദ്ദേശ സ്ഥാപനത്തില്‍നിന്നുള്ള താമസ സാക്ഷ്യപത്രവും (റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്) വില്ലേജ് ഓഫിസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റും വേണം. നിലവില്‍ അപേക്ഷകരുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ കോപ്പിയും ഉടമയുടെ സമ്മതപത്രവും ഹാജരാക്കണം.

പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും ആധാറിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. പുതിയ കാര്‍ഡിന്റെ കാര്‍ഡുടമയുടെ ഒരു ഫോട്ടോ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയുടെ നിര്‍ദിഷ്ട സ്ഥാനത്തു പതിക്കുകയും ഒരു ഫോട്ടോ അപേക്ഷയോടൊപ്പം നല്‍കുകയും വേണം.

വാടകയ്ക്കു താമസിക്കുന്ന ആളുകളും മേല്‍പറഞ്ഞ എല്ലാ രേഖകളും ഹാജരാക്കണം. ഇത്തരക്കാര്‍ക്കു താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വാടകക്കരാറിന്റെ പകര്‍പ്പും കെട്ടിടം ഉടമയുടെ സമ്മതപത്രവും സഹിതം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ മതി.

പുതിയ അംഗത്തെ ചേര്‍ക്കാന്‍ എന്ത് ചെയ്യണം ?

12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേരു ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വേണം. കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവരില്‍ ഒരാള്‍ താലൂക്കിനു പുറത്തുള്ള റേഷന്‍ കാര്‍ഡില്‍ ആണെങ്കില്‍ ആ താലൂക്കില്‍നിന്നു കുറവു ചെയ്തുകൊണ്ടുള്ള റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു കാര്‍ഡിലും പേരില്ലാത്തവര്‍ MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.

തിരുത്തല്‍ വരുത്താന്‍ എന്ത് ചെയ്യണം ?

ഏതിലാണോ തിരുത്തു വേണ്ടത്, അതുമായി ബന്ധപ്പെട്ട രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പേര്, വീട്ടുപേര്, വരുമാനം: അതതു കാര്യങ്ങള്‍ക്കായി വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് / വീട്ടുനമ്പര്‍ എന്നിവ തിരുത്തുന്നതിനു തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം.

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കാന്‍

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷയില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിച്ചു പൂരിപ്പിച്ച് കാര്‍ഡുടമയും റേഷന്‍ കട ലൈസന്‍സിയും ഒപ്പിട്ടു സമര്‍പ്പിക്കണം.

ഒരംഗത്തെ മറ്റൊരു താലൂക്കിലേക്ക് / സംസ്ഥാനത്തേക്കു മാറ്റാന്‍

ഏത് അംഗത്തെ ഏത് താലൂക്കിലേക്ക് / സംസ്ഥാനത്തേക്ക് മാറ്റണമെന്നു വ്യക്തമാക്കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും.

കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റാന്‍

സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷന്‍ കാര്‍ഡ് ഒറിജിനലും താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കണം.

പ്രവാസി പദവി ഒഴിവാക്കാന്‍

റേഷന്‍ കാര്‍ഡ് ഉടമയുടെ അപേക്ഷയും പ്രവാസിയായിരുന്ന ആളിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വേണം. ബന്ധപ്പെട്ട ആള്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി ഹാജരാകുകയും വേണം.

മുന്‍ഗണനാ വിഭാഗത്തിലേക്ക്

അപേക്ഷയില്‍ നല്‍കിയിരിക്കുന്ന കോളങ്ങള്‍ കൃത്യമായി പൂരിപ്പിച്ചാല്‍ മാത്രമേ സൗജന്യ റേഷന്‍ ലഭിക്കുന്ന മുന്‍ഗണനാ വിഭാഗത്തിലേക്കു പരിഗണിക്കാനുള്ള മാര്‍ക്ക് ലഭിക്കുകയുള്ളൂ. മാരകരോഗങ്ങള്‍ ബാധിച്ചവര്‍, അഗതികള്‍, പട്ടികജാതി – വര്‍ഗ വിഭാഗങ്ങള്‍, വിധവകള്‍, അവിവാഹിതരായ അമ്മമാര്‍, ആശ്രയ പട്ടികയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍, ഭൂമി – ഭവന രഹിതര്‍ എന്നിവരെയാണു മുന്‍ഗണനാ വിഭാഗത്തിലേക്കു പരിഗണിക്കുന്നത്.

സപ്ലൈ ഓഫിസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക്

പഴയ കാര്‍ഡില്‍ പേര് ഉണ്ടാവുകയും പുതിയ കാര്‍ഡില്‍ പേര് ഇല്ലാതിരിക്കുകയും ചെയ്ത ആളിന് നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ രണ്ടു കാര്‍ഡുകളുടെ പകര്‍പ്പും നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമും ഹാജരാക്കണം. നിലവിലുണ്ടായിരുന്ന കാര്‍ഡ് ബന്ധപ്പെട്ട താലൂക്കില്‍ പുതുക്കാത്തവര്‍ക്കു മറ്റൊരു താലൂക്കില്‍ കാര്‍ഡ് പുതുക്കിയെടുക്കാന്‍ നോണ്‍ റിന്യൂവല്‍ ലഭിക്കാന്‍ ബന്ധപ്പെട്ട കാര്‍ഡും (ഒറിജിനല്‍) അപേക്ഷയും ഹാജരാക്കണം.

കടപ്പാട്: മനോരമ