നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോ വൈറലോട് വൈറല്‍

single-img
26 June 2018

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘പറക്കുന്നത്’. പഞ്ചായത്തിലെ സകല ആളുകളെയും വിവാഹത്തിന് വളരെ വ്യത്യസ്തമായ രീതിയിലാണ് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റായ സുജിത് ക്ഷണിക്കുന്നത്.

പത്രം വിതരണം ചെയ്യാനെത്തുന്ന ആളിലൂടെയാണ് വിവാഹ ക്ഷണ വീഡിയോ ആരംഭിക്കുന്നത്. ജൂലൈ അഞ്ചിന് പത്രമില്ലെന്ന് പത്രക്കാരന്‍ പറയുന്നതോടെ അന്ന് പാലും ഉണ്ടാകില്ലെന്ന് ചായക്കടക്കാരനും വ്യക്തമാക്കുന്നു. ഇത് കേട്ടുകൊണ്ട് നില്‍ക്കുന്ന ആളിന് അന്ന് ഹര്‍ത്താലാണോ എന്നാണ് സംശയം.

അപ്പോഴാണ് ജൂലൈ അഞ്ചിന്റെ പ്രത്യേകത എന്താണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നോട്ടീസ് വിതരണം ചെയ്ത് ഒരു വാഹനം എത്തുന്നത്. സുജിത്തിന്റെയും വധുവാകുന്ന അശ്വതിയുടെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

പ്രമുഖ മാധ്യമങ്ങളില്‍ വീഡിയോ ജേണലിസ്റ്റ് ആയിരുന്ന ആനന്ദ് ആലന്തറയുടേതാണ് വ്യത്യസ്തമായ ഈ ആശയം. വെഞ്ഞാറമൂട് സ്വദേശി കൂടിയായ ആനന്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം ലെന്‍സ് ഫോട്ടോഗ്രഫി കമ്പനിയാണ് വ്യത്യസ്തമായ ഈ വിവാഹക്ഷണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്തായാലും സുജിത്തിന്റെ വിവാഹം നാട്ടുകാര്‍ മുഴുവന്‍ ആഘോഷമാക്കുമെന്നത് ഈ വീഡിയോയിലൂടെ തന്നെ വ്യക്തമാണ്.