മോദിക്ക് കടുത്ത സുരക്ഷാഭീഷണി?: മന്ത്രിമാരേയും ഓഫീസര്‍മാരേയും ‘ഏഴയല്‍പ്പക്കത്ത് പോലും’ അടുപ്പിക്കാതെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം

single-img
26 June 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാനും നിര്‍ദേശമുണ്ട്.

രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. മോദിയുടെ പ്രത്യേക സുരക്ഷാ സംഘത്തിന്റെ അനുമതിയില്ലാതെ മന്ത്രിമാരടക്കമുള്ളവരെ മോദിയുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി തന്നെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആകുമെന്നിരിക്കെ അദ്ദേഹം പങ്കെടുക്കുന്ന റോഡ് ഷോകള്‍ കുറയ്ക്കണമെന്നുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

അജ്ഞാതമായ സുരക്ഷാഭീഷണികള്‍ മോദിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്തെഴുതിയിട്ടുമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വഴികളിലൂടെയുള്ള റോഡ് ഷോകള്‍ വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലൊക്കെ പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സുരക്ഷാ വലയം ഒരുക്കും. ഇതിന്റെ ഭാഗമായി, പ്രധാനമന്ത്രിക്കൊപ്പമുള്ള കമാന്‍ഡോകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പ്രദേശത്ത് 15 ദിവസം മുന്‍പ് മുതല്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്ക് വിവിധ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഭീഷണി നേരത്തേ തന്നെയുണ്ടെങ്കിലും അടുത്തിടെ നക്‌സല്‍ ഭീഷണിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം കൂടുതല്‍ ഗൗരവം ആയത്.

മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ എല്‍ടിടിഇ ഭീകരര്‍ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുമ്പോള്‍ മോദിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയത് അടുത്ത കാലത്തായിരുന്നു.

പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ എല്ലാത്തരം സമ്പര്‍ക്കങ്ങളും ആഭ്യന്തര മന്ത്രാലയം പരിമിതപ്പെടുത്തി. കഴിഞ്ഞ മാസമാണ് പശ്ചിമബംഗാളില്‍ വെച്ച് ആറ് ലെയര്‍ സുരക്ഷാ സംവിധാനങ്ങളെ വരെ മറികടന്ന് ഒരാള്‍ പ്രധാനമന്ത്രിയുടെ പാദത്തില്‍ സ്പര്‍ശിച്ചത്.

ഇതിനൊപ്പം പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന കമാന്റോകളുടെ എണ്ണത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടും പ്രത്യേകമായ നിരീക്ഷണത്തിലാണ്.