ജെസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

single-img
26 June 2018

കൊച്ചി: കോട്ടയത്തിന് സമീപം മൂക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ഇതിനൊപ്പം ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്, ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജികളാണ് കോടതി തള്ളിയത്. ജെസ്‌നയെ മൂന്നുമാസമായി കാണാനില്ലെങ്കിലും ആരെങ്കിലും തടവില്‍ വച്ചിരിക്കുകയാണെന്ന് കരുതാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി കോടതി നിരാകരിച്ചത്.

ജെസ്‌നയുടെ തിരോധാനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും സിബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്.

ഈ വര്‍ഷം മാര്‍ച്ച് 22 നാണ് മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്.

ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നീട് പെണ്‍കുട്ടിയെ ആരുംകണ്ടില്ല. വിട്ടില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ആദ്യം ഏരുമേലി പൊലീസിന് പരാതി നല്‍കി. പിന്നീട് വെച്ചുച്ചിറ പൊലീസിന് പരാതി നല്‍കി. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.