ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നത് കേരളത്തിലെ വന്‍കിട ഹോം ഡെലിവറി കമ്പനികള്‍ക്ക് വേണ്ടി…

single-img
26 June 2018

കൊച്ചി: സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വന്‍കിട കമ്പനികള്‍ക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കഴിഞ്ഞ ദിവസം രാത്രിയില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പിടികൂടിയ 9,500 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്പനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

6000 കിലോ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതില്‍ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഓപ്പറേഷന്‍ സാഗര്‍ റാണിയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഇരുപതിനായിരം കിലോയിലധികം വിഷം കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്.

അതേസമയം വിഷം നിറഞ്ഞ മത്സ്യം അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍കാലങ്ങളിലും പരിശോധനകള്‍ കര്‍ശനമായി നടത്തിയിരുന്നു. എന്നാല്‍ വിഷം നിറഞ്ഞ മത്സ്യം വ്യാപകമാണെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാനത്തെ എല്ലാ ചെക്ക്‌പോസ്റ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിഷമത്സ്യങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും വിഷം നിറഞ്ഞ മത്സ്യങ്ങള്‍ എത്തുന്ന സംസ്ഥാനങ്ങളെയും വിവരം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.