ഫ്‌ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ചു; ലഭിച്ചത് ബിജെപി അംഗത്വം

single-img
26 June 2018

ഫ്‌ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച് ബിജെപി അംഗത്വം ലഭിച്ചതിന്റെ അമ്പരപ്പിലാണ് കൊല്‍ക്കത്ത സ്വദേശിയായ യുവാവ്. രാത്രിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നത് കുടുംബത്തിന്റെ ഉറക്കം കെടുത്തിയതോടെയാണ് കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ ആരാധകന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഹെഡ്‌ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഓര്‍ഡര്‍ ചെയ്ത പാക്കേജിനുള്ളില്‍ ഹെഡ്‌ഫോണിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു ഉണ്ടായിരുന്നത്. ഫുട്‌ബോള്‍ മോഹങ്ങള്‍ വെള്ളത്തിലായ ആരാധകന്‍ ഉടന്‍ തന്നെ ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഒരു റിംഗിന് ശേഷം ഫോണ്‍ കട്ടായി. വീണ്ടും ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനിടയില്‍ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം എന്നതായിരുന്ന ലഭിച്ച സന്ദേശം. ഇതോടൊപ്പം ബിജെപിയിലേക്ക് പ്രാഥമിക അംഗത്വം ലഭിച്ചതിന്റെ നമ്പറും ഉണ്ടായിരുന്നു.

തുടര്‍ന്നു യുവാവ് 1800 എന്ന നമ്പറിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് സ്വാഗതം എന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. ഇതേ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും അവരോടും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തുക്കള്‍ക്കും സമാന സന്ദേശം തന്നെയാണ് ലഭിച്ചത്.

എന്നാല്‍ ഫ്‌ലിപ്പ്കാര്‍ട്ടുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് ബിജെപിയുടെ ബംഗാള്‍ ജനറല്‍ സെക്രട്ടറി ദിലീപ് ഘോഷ് പറഞ്ഞു. ബിജെപിയുടെ നമ്പര്‍ വെബ് സൈറ്റുകളിലും ഫെയ്‌സ് ബുക്കിലും നല്‍കിയുണ്ട്. ആര്‍ക്ക് വേണമെങ്കിലും അതിലേക്ക് വിളിച്ചു നോക്കാം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇയാള്‍ക്ക് ലഭിച്ച ഫ്‌ലിപ്കാര്‍ട്ട് പാക്കേജിന് പുറത്ത് രേഖപ്പെടുത്തിയിരുന്ന നമ്പരാണ് പാരയായത്. 1800 എന്ന് തുടങ്ങുന്ന ടോള്‍ഫ്രീ നമ്പര്‍ കമ്പനിയുടെ പഴയ നമ്പരാണെന്നും ഇപ്പോള്‍ ഈ നമ്പര്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്ന വിശദീകരണം.

പഴയ ടേപ്പ് ഉപയോഗിച്ച് പാക്കേജ് പൊതിഞ്ഞത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും കമ്പനിവിശദീകരിച്ചു. അതേസമയം, സംഭവം വിവാദമായതോടെ ഫ്‌ലിപ്കാര്‍ട്ട് അധികൃതര്‍ ഇയാളെ വിളിച്ച് മാപ്പ് പറയുകയും ഹെഡ്‌ഫോണ്‍ ഉടനെ അയച്ച് കൊടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.