നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ: ഫഹദ് ഫാസില്‍

single-img
26 June 2018

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു നസ്രിയ നസീം. നാല് വര്‍ഷത്തിന് ശേഷമാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. അക്കാര്യത്തില്‍ മറ്റാരേക്കാളും സന്തോഷിക്കുന്നത് ഫഹദ് തന്നെയാണ്. തന്റെ സന്തോഷം നേരത്തെ ഫഹദ് ഫെയ്‌സ്ബുക്ക് വഴി അറിയിച്ചതാണ്.

നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ താന്‍ ഒരുക്കമാണെന്നാണ് ഫഹദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്. അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും.

എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും,’ ഫഹദ് പറഞ്ഞു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. അഞ്ജലി മേനോന്റെ തന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് ആയിരുന്നു വിവാഹത്തിനു മുമ്പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരാണ് കൂടെയിലെ മറ്റു പ്രധാന താരങ്ങള്‍.