മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ…; പരിഹാസവുമായി ദിലീപ് ഓണ്‍ലൈന്‍

single-img
26 June 2018

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശങ്ങളില്‍ പ്രതികരണവുമായി ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജ്. ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് മാധ്യമങ്ങളെയും ഡബ്ലൂസിസിയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ, അമ്മയില്‍ നിന്നും പുറത്താക്കിയ അവയ്‌ലബിള്‍ എക്‌സ്‌ക്യൂട്ടീവ് തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു.

പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് ദിലീപിനെ എങ്ങിനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും, സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ നിന്നും മനസിലാക്കാന്‍ മാത്രം കഴിവില്ലാത്തവരല്ല മലയാളികള്‍.

ദിലീപിനെ പുറത്താക്കിയ വാര്‍ത്ത ചര്‍ച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങള്‍ക്ക് മാത്രമല്ല, ദിലീപിനെ പുറത്താക്കാന്‍ പണിയെടുത്ത ‘സഹപ്രവര്‍ത്തകര്‍ക്കും’ ഉണ്ടായിരിക്കുമല്ലൊ? അമ്മ പോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളി കൂട്ടുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു റിലാക്‌സേഷനുണ്ട്.