ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി വിചാരണ നടത്താതെ തന്നെ കുടിയേറ്റക്കാരെ തിരിച്ചയക്കണം: നിലപാട് കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്

single-img
25 June 2018

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ അക്രമകാരികളാണെന്നും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കലോ വിചാരണയോ കൂടാതെ ഇവരെ തിരിച്ചയക്കുകയാണു വേണ്ടതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവിലുള്ള കുടിയേറ്റ നിയമം പരിഹാസ്യമാണെന്നും ട്രംപ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ആളുകള്‍ കൂട്ടത്തോടെ അമേരിക്കയിലേക്ക് അതിക്രമിച്ച് കയറുന്നത് അനുവദനീയമല്ല. അനധികൃതമായി ആരെങ്കിലും രാജ്യത്ത് പ്രവേശിച്ചാല്‍ അവരെ ഉടന്‍ തന്നെ തിരിച്ചയക്കണം. ജഡ്ജിമാരുടെ മുന്നില്‍ കൊണ്ടുപോയുള്ള വിചാരണയൊന്നും വേണ്ട. കുടിയേറ്റം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം.

അമേരിക്കയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് അമേരിക്കയ്ക്ക് വേണ്ടത്. നമ്മുടെ കുടിയേറ്റ നയങ്ങള്‍ ലോകത്തുടനീളം പരിഹാസ്യമാകുകയാണ്. ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെ വര്‍ഷങ്ങളായി കുടിയേറ്റത്തിനായി കാത്തിരിക്കുന്നവരോടുള്ള കടുത്ത അനീതിയാണ്. മിക്ക കുട്ടികളും മാതാപിതാക്കളെ കൂടാതെയാണ് ഇവിടേക്ക് വരുന്നത്’ ട്രംപ് പറഞ്ഞു.

നിയമാനുസൃതമായ നടപടികള്‍ പാലിച്ചുള്ള കുടിയേറ്റങ്ങളോട് മാത്രമെ സര്‍ക്കാരിന് മമതയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷും ബറാക് ഒബാമയും ചെയ്തതിനെക്കാള്‍ ഭംഗിയായാണ് തങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

നിയമത്തിലെ പഴുതുകള്‍ അടച്ചാല്‍ മാത്രമെ അനധികൃത കുടിയേറ്റം തടയാനാകൂ. ഇതിനോടൊപ്പം അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണമെന്നും കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അതിര്‍ത്തികളാണ് ആവശ്യമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റ വിഷയത്തില്‍ ശക്തമായ വാദപ്രതിവാദം തുടരുന്നതിനിടെയാണ് നിലപാട് കനപ്പെടുത്തി ട്രംപ് രംഗതെത്തിയിട്ടുള്ളത്.