സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം: മന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ്

single-img
25 June 2018

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വന്ന മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത മന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ഉദ്യോഗസ്ഥനെതിരായ നടപടി പക്ഷപാതപരമാണെന്നും ഇസ്‌ലാം അനുകൂല നിലപാടാണ് മന്ത്രിയുടേതെന്നുമാണ് ഇവരുടെ അധിക്ഷേപം.

സുഷമാ സ്വരാജ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും മന്ത്രിയെ പുറത്താക്കണമെന്നും ചിലര്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന് നീതി ലഭിക്കണമെന്ന് ആര്‍എസ്എസ് വക്താവ് രാജീവ് തുളി ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുഷമയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

തനിക്കെതിരെ അധിക്ഷേപം പറയുന്ന ട്വീറ്റുകള്‍ മന്ത്രി സുഷമ സ്വരാജ് തന്നെയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഏതാനും ദിവസങ്ങളായി വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

തിരിച്ചു വന്നപ്പോള്‍ ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ആ ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഹിന്ദുത്വ അനുകൂലികളായ ചിലരില്‍നിന്നുണ്ടായ അധിക്ഷേപത്തെ അപലപിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

‘സാഹചര്യമോ കാരണമോ എന്തുമാകട്ടെ, ഒരാളെ ഇങ്ങനെ അധിക്ഷേപിക്കാനും അപമാനിക്കാനും ഭീഷണി മുഴക്കാനും പാടില്ല. സുഷമാജി, സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള ഇത്തരം ഹീനമായ പ്രവൃത്തികളെക്കുറിച്ച് വിളിച്ചുപറയാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.