മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി: സര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ആശങ്ക

single-img
25 June 2018

തിരുവനന്തപുരം: മന്ത്രിമാര്‍ മാധ്യമങ്ങളുമായി ഇടപെടുന്നതില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാാനമാക്കിയാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഫോണ്‍കെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവവും അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന നിര്‍ദേശം നല്‍കിയിരുന്നത്. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് പി.എസ്. ആന്റണി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. എന്നാല്‍, പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി സംഭവങ്ങള്‍ക്കും പിന്നില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട് എന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും വ്യാജപ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പലപ്പോഴും ആരോപിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ നീക്കം ആശങ്കക്ക് ഇടയാക്കുന്നത്.