ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ വീസാ നിരോധനം വീണ്ടും നീട്ടി

single-img
25 June 2018

ഒമാനില്‍ വിദേശികള്‍ക്കുള്ള തൊഴില്‍ വിസാ നിരോധനം ആറുമാസത്തേക്കു കൂടി നീട്ടി. ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വിസാ നിയന്ത്രണ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് ആറു മാസം കൂടി നീട്ടിയതായി മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവിട്ടത്.

എണ്‍പത്തിയേഴ് തസ്തികകളിലെ വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് മാനവവിഭവശേഷി മന്ത്രാലയം നീട്ടിയത്. സ്വദേശിവല്‍ര്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഐ.ടി, അക്കൗണ്ടിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ 2019 ജനുവരി വരെ വിദേശികള്‍ക്ക് വിസ ലഭിക്കില്ല.

മാനവ വിഭവശേഷി, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍ വിഭാഗങ്ങളും ഇതില്‍ ഉള്‍പെടും. മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിങ് ടെക്‌നിക്കല്‍ എന്നിവ ഉള്‍പ്പെടെ 87 തസ്തികകള്‍ക്കാണ് വിസ നിയന്ത്രണമുള്ളത്. 2013ല്‍ ആറ് മാസത്തേക്കാണ് ആദ്യം വിസ നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും നിരോധനം തുടര്‍ച്ചയായി നീട്ടുകയാണ്.