അര്‍ജന്റീനന്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

single-img
25 June 2018

വളരെ പ്രതീക്ഷയോടെ റഷ്യയിലേക്ക് വിമാനം കയറിയ മെസിക്കും കൂട്ടര്‍ക്കും ഇതുവരെ സന്തോഷിക്കാനുള്ള വകയുണ്ടായിട്ടില്ല. ടീം ആദ്യ കളിയില്‍ സമനിലയും ക്രോയേഷ്യയോട് വന്‍ തോല്‍വിയും ഏറ്റുവാങ്ങിയതോടെ മെസ്സിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.

ഒന്ന് വിരമിക്കല്‍ നടത്തി തിരിച്ചെത്തിയ താരം ടീമിന്റെ പരാജയങ്ങളില്‍ എന്ത് തീരുമാനം സ്വീകരിക്കും എന്ന ആകാംഷയിലും ആശങ്കയിലുമായിരുന്നു ആരാധകര്‍. എന്നാല്‍ അവര്‍ക്ക് ആശ്വാസവും ആവേശവും നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകകപ്പ് നേടിയല്ലാതെ താന്‍ വിരമിക്കില്ലെന്നാണ് മെസി വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പ് വിജയമാണ് ഓരോ അര്‍ജന്റീനക്കാരുടെയും സ്വപ്നം. എന്റെ ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ഇത് കൈവിടാന്‍ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ആലോചിക്കുന്നുള്ളൂ എന്നും മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ മെസ്സി പറഞ്ഞു.

ഇതേസമയം, ടീമില്‍ ഭിന്നതയില്ലെന്ന വിശദീകരണവുമായി സീനിയര്‍ താരം ഹവിയര്‍ മഷറാനോയും രംഗത്തെത്തി. ക്രോയേഷ്യക്കെതിരായ തോല്‍വിയോടെ കോച്ച് സാംപോളിയും കളിക്കാരും രണ്ട് തട്ടിലായെന്നും, കോച്ചിനെ പുറത്താക്കണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടുവെന്നുമുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു.

ടീം ഒറ്റക്കെട്ടാണ്. കാര്യങ്ങള്‍ ശുഭകരമല്ലെന്ന് ഞങ്ങള്‍ക്കറിയാം. നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മഷറാനോ പറഞ്ഞു. നൈജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.