കെഎസ്ആര്‍ടിസിയില്‍ നിയമന നിരോധനം: കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍

single-img
25 June 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിയമന നിരോധനം. കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ നല്‍കിയ 4,051 പേര്‍ക്ക് നിയമനം നല്‍കാനാവില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

2010 ഡിസംബര്‍ 31നാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവേ ഉള്ളൂവെന്നും കെഎസ്ആര്‍ടിസി പിന്നീട് അറിയിച്ചു. 2016 ഡിസംബര്‍ 31നാണ് 4,051 പേര്‍ക്ക് മെമ്മൊ അയച്ചത്.

ഇതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡൈ്വസ് ചെയ്ത് മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനിടെ 2,198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു.