കത്‌വ പീഡനക്കേസിലെ പെണ്‍കുട്ടിയെ കൊല്ലുന്നതിന് മുമ്പ് പ്രതികള്‍ ഉയര്‍ന്ന തോതിലുള്ള മയക്ക് മരുന്നുകള്‍ നല്‍കി ‘കോമ’ അവസ്ഥയിലാക്കി

single-img
25 June 2018

കത്‌വ പീഡനക്കേസിലെ പെണ്‍കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഉയര്‍ന്ന തോതിലുള്ള മയക്ക് മരുന്നുകള്‍ നല്‍കി മരവിപ്പിച്ചിരുന്നു എന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. അങ്ങനെ അവള്‍ ‘കോമ’ അവസ്ഥയിലായിരുന്നുവെന്നും ആന്തരികാവയവ പരിശോധനയില്‍ വ്യക്തമായി.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന എപിട്രില്‍ 0.5, കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മാന്നാര്‍ എന്നീ ലഹരിവസ്തുക്കളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. എപിട്രില്‍ മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഈ മരുന്ന് കഴിക്കാവു. തട്ടിക്കൊണ്ട് പോയതിന്റെ അടുത്ത ദിവസം ഇത്തരത്തിലുള്ള അഞ്ച് ഗുളികകളാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധമായി കഴിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നത്.

ഇതോടെ ആദ്യം മയക്കത്തിലേക്ക് വീണ പെണ്‍കുട്ടി പിന്നീട് അനങ്ങാന്‍ പോലുമാകാതെ അബോധവാസ്ഥയിലായി. ഇതിന് പുറമെയാണ് കഞ്ചാവിന് സമാനമായ മാന്നാര്‍ നല്‍കിയത്. ക്രൂര പീഡനം നടന്നെന്ന് പറയുമ്പോഴും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു.

ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്. കുട്ടിയുടെ കൊലപാതകികളില്‍ ഒരാളായ ദീപക് ഖജൂരിയ അയാളുടെ സുഹൃത്തിനൊപ്പം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ജനുവരി 7 ന് എപിട്രില്‍ 0.5 എംജി ഗുളികയുടെ ഒരു സ്ട്രിപ് വാങ്ങിയിരുന്നുവെന്ന് ചാര്‍ജ്ഷീറ്റില്‍ പറയുന്നുണ്ട്.

മനോരോഗത്തിന് ചികിത്സയില്‍ കഴിയുന്ന ദീപക്കിന്റെ അമ്മാവനുവേണ്ടിയാണെന്നു പറഞ്ഞാണ് 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ് വാങ്ങിയത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്‍ പറഞ്ഞിരിക്കുന്ന മരുന്ന് അവിടെ നിന്ന് ലഭിച്ചില്ല പകരമാണ് എപിട്രില്‍ 0.5 എന്ന മരുന്ന് വാങ്ങിയതെന്നും ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നു.

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ട് വയസുള്ള പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടുന്ന നോര്‍മാഡിക് മുസ്‌ലിം സമുദായത്തെ പ്രദേശത്ത് നിന്നും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ക്രൂരത.

ജനുവരി 4 ന് പ്രതികളിലൊരാളായ സാഞ്ജിറാമിന്റെ അമ്മാവനും പെണ്‍കുട്ടിയുടെ സമുദായവും തമ്മില്‍ വഴക്കുണ്ടാവുകയും അവരോട് പകതീര്‍ക്കാനായി പ്രതികള്‍ തയാറാക്കിയ പദ്ധതി പ്രകാരമാണ് അതിക്രൂരമായ കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പ്രതികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനും എസ്‌ഐ ആനന്ദ് ദത്തയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്. കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാ–സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.