ചരിത്രം കുറിച്ച് എര്‍ദോഗന്‍; വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റ് പദവിയില്‍

single-img
25 June 2018

തുര്‍ക്കിയുടെ നിലവിലെ പ്രസിഡന്റ് തയിബ് എര്‍ദോഗന് തുര്‍ക്കി തെരഞ്ഞെടുപ്പില്‍ വിജയം. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ആദ്യ റൗണ്ടില്‍ എര്‍ദോഗന്‍ വിജയിച്ചതായി തെരഞ്ഞെടുപ്പ് നേതൃത്വം അറിയിച്ചു. ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

തീവ്രവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു മുഖ്യവിഷയങ്ങള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 53% വോട്ടുനേടിയാണ് എര്‍ദോഗന്‍ രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത്. തൊട്ടടുത്ത എതിരാളി മുഹ്‌റം ഐന്‍ഷിക്ക് 31% വോട്ടുകളെ നേടാനായുള്ളൂ.

പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 42% വോട്ടോടെ പ്രസിഡന്റിന്റെ എ.കെ. പാര്‍ട്ടി ഒന്നാമതതെത്തി. പ്രധാന പ്രതിപക്ഷമായ സിഎച്ച്പിയ്ക്ക് 23% വോട്ടാണു ലഭിച്ചത്. തീവ്ര ഇസ്‌ലാമിക നിലപാടുകളുമായാണ് എര്‍ദൊഗാന്റെ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലിറങ്ങിയത്.

11 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന എര്‍ദോഗന്‍ 2014ലാണ് ആദ്യം പ്രസിഡന്റായത്. 2016ലെ അട്ടിമറിശ്രമത്തെ അതിജീവിച്ച എര്‍ദോഗന്‍ ജഡ്ജിമാരും, ഉന്നതഉദ്യോഗസ്ഥരുമടക്കം ആയിരക്കണക്കിനു പേരെ തടവിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ശത്രുക്കളില്‍നിന്നു രക്ഷിച്ചതായി തിരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രസിഡന്റ് പറഞ്ഞു. തോല്‍വി സമ്മതിക്കുവെന്നും തുര്‍ക്കിയില്‍ ജനാധിപത്യ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.