ഒരു മേശയുടെ വില 78 കോടി രൂപ

single-img
25 June 2018

ഇറ്റലിയില്‍ കഴിഞ്ഞ ദിവസം ഒരു ലേലം നടന്നു. ഈ ലേലത്തിനെത്തിയ ഒരു മേശയുടെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 78 കോടി രൂപ. എന്താണ് ഈ മേശയ്ക്ക് പ്രത്യേകത എന്നല്ലേ ? പ്രത്യേകതകള്‍ ഒരുപാടുള്ള മേശയാണ് ഇത്. അതുകൊണ്ട് തന്നെയാണ് അതിന്റെ മൂല്യവും കൂടിയത്.

ലണ്ടന്‍ ആര്‍ട്ട് ഫെയറിലാണ് മേശ ലേലത്തിന് വച്ചിരിക്കുന്നത്. അഞ്ചടി നീളവും മൂന്നര അടി വീതിയുമാണ് ഈ മേശയ്ക്കുള്ളത്. 400 വര്‍ഷം പഴക്കമുണ്ടെങ്കിലും മേശയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. 1568ല്‍ നിര്‍മ്മിച്ച മേശയാണ് ഇത്. ആ കാലഘട്ടത്തില്‍ ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ ശില്‍പിയായിരുന്ന ജിയോര്‍ജിയോ വസാരിയാണ് ഈ മേശ രൂപകല്‍പ്പന ചെയ്തതെന്നതാണ് ഈ മേശയുടെ ഏറ്റവും വലിയ പ്രത്യേകത.

വസാരി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക രീതി അനുസരിച്ചാണ് മേശ നിര്‍മിച്ചത്. വളരെ വിലകൂടിയ, അപൂര്‍വങ്ങളായ നിരവധി കല്ലുകള്‍ ഉപയോഗിച്ചാണ് മേശയുടെ നിര്‍മാണം. വെളുത്ത മാര്‍ബിളിന്റെ മുകളില്‍ ജാസ്‌പെറും ലാപിസ് ലസൂലിയും പോലുള്ള കല്ലുകള്‍ മനോഹരമായി കൊത്തിയെടുത്ത് അലങ്കരിച്ചിരിക്കുന്നു.

ഇറ്റലിയിലെ രാജകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മേശ നിര്‍മിച്ചത്. രാജകുടുംബം പുതിയതായി ഒരു അവധിക്കാല വസതി നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവിടേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളുടെയും പെയിന്റിംഗുകളുടെയും നിര്‍മാണ ചുമതല വസാരിക്കായിരുന്നു.

പത്തുവര്‍ഷമെടുത്താണ് ഈ മേശയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചെലവ് എത്രയാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ അക്കാലത്ത് ഇതിന്റെ നിര്‍മാണ ചെലവ് തീര്‍ച്ചയായും ഒരു റിക്കാര്‍ഡായിരിക്കാമെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.