പരാതിയുമായി മുന്നോട്ട് പോകാന്‍ പേടി:കെ.ബി ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

single-img
24 June 2018

അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവിന്റൈ അമ്മ കേസ് പിന്‍വലിക്കാനൊരുങ്ങുന്നു. പരാതിയുമായി മുന്നോട്ട് പോകാന്‍ പേടിയുണ്ടെന്നും സമ്മര്‍ദം മൂലമാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ ഷീന വ്യക്തമാക്കി.

സംഭവത്തില്‍ ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണ പിള്ളയും ഇടപെട്ടതായാണു സൂചന. കേസില്‍ മര്‍ദിക്കപ്പെട്ട അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷിന്റെ ഭാഗത്തു നിന്നുള്ള ശ്രമം ഉണ്ടായത്.സംഭവത്തില്‍ പ്രാദേശിക സമുദായ സംഘടനയും ഒത്തുതീര്‍പ്പു ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകന്‍ അനന്തകൃഷ്ണനും എംഎല്‍എയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡില്‍, ഗണേഷ്‌കുമാറിന്റെ കാറിന് എതിര്‍ദിശയില്‍ കാറില്‍ വന്ന അനന്തകൃഷ്ണന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗണേഷ്‌കുമാര്‍ അനന്തകൃഷ്ണനെ മര്‍ദിക്കുകയും തടസ്സം പിടിക്കാന്‍ചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്‌തെന്നാണു പരാതി.

എന്നാല്‍ ഗണേഷിനെതിരെ ദുര്‍ബല വകുപ്പുകളാണു ചുമത്തിയത്. മര്‍ദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.