ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്:പിണറായി പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനു മറ്റ് ഉദ്ദേശ്യങ്ങൾ കാണും:ഒ.രാജഗോപാല്‍

single-img
24 June 2018

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത്. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് രാജഗോപാല്‍ പറഞ്ഞു.

ഡൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്ന് ഒ. രാജഗോപാൽ പറഞ്ഞു. യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും. പക്ഷേ അതിനു പ്രധാനമന്ത്രി നിന്നു തരണമെന്നു ചിന്തിക്കുന്നിടത്താണു പ്രശ്നം. ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്നു കുശാലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേതെന്നും രാജഗോപാൽ പറഞ്ഞു.

മോദി സര്‍ക്കാരിന് കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മോദിയോടുള്ള വിരോധം മാത്രമാണ് ഈ പ്രസ്താവനയ്ക്ക് പിന്നില്‍. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നു നാലു ദിവസം ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്.

കേരളത്തിന്റെ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രിയെയായിരുന്നു. ഇക്കാര്യത്തില്‍ പിണറായിക്ക് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഉപദേശമെങ്കിലും തേടാമായിരുന്നു രാജഗോപാല്‍ പറഞ്ഞു.