വരാപ്പുഴ കസ്റ്റഡിമരണക്കേസ്; ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

single-img
23 June 2018

വരാപ്പുഴ ശ്രീജിത്ത് കൊലക്കേസിൽ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ. വരാപ്പുഴ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ പ്രദീപ് കുമാറാണ് അറസ്റ്റിലായത്.

പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാമിന്റെ ഡ്രൈവറായിരുന്നു പ്രദീപ് കുമാർ. ക്രിസ്പിൻ സാമിനു നൽകാനാണെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടർന്ന് പ്രദീപിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു.

ശ്രീജിത്തിനെ പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നൽകിയത്. എന്നാൽ ഇതിനിടെ കസ്റ്റഡിയിൽ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടുപോയതോടെ അഭിഭാഷകർ മുഖേനെ ഈ പണം ബന്ധുക്കൾക്ക് തിരിച്ചു നൽകി.

ഏപ്രിൽ ആറിനായിരുന്നു ശ്രീജിത്തിനെ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. പിറ്റേദിവസം രാവിലെ സ്റ്റേഷനിൽ എത്തിയ ബന്ധുകൾ വയറു വേദനയാൽ പുളയുന്ന ശ്രീജിത്തിനെയാണ് കണ്ടത്.

തുടർന്നു ശ്രീജിത്തിനെ ആശുപത്രിയിയൽ എത്തിക്കാൻ എന്തു ചെയ്യണമെന്ന് അന്വേഷിച്ചപ്പോഴാണ് ക്രിസ്പിൻ സാമിന്റെ ഡ്രൈവർക്ക് പണം നൽകിയാൽ കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞത്. ഇതോടെയാണ് ഇടനിലക്കാൻ മുഖേന പണം കൈമാറിയത്.