സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടാന്‍ ഉത്തരവ്

single-img
23 June 2018

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ള തസ്തികകളില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടാന്‍ സഹകരണ സംഘം റജിസ്ട്രാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലെയും 2020 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ ഒഴിവുകളും ജൂലൈ ഒന്നിനു മുന്‍പ് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

നിര്‍ദേശത്തിനു വിരുദ്ധമായി ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം തുടര്‍ന്നാല്‍ അത്തരം ജീവനക്കാര്‍ക്കു നല്‍കിയ ശമ്പളത്തുക ഭരണസമിതിയില്‍നിന്ന് ഈടാക്കണമെന്നും റജിസ്ട്രാറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലിക നിയമനത്തില്‍ ആരെങ്കിലും തുടരുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചു റിപ്പോര്‍ട്ട് രേഖപ്പെടുത്താന്‍ സഹകരണ ഓഡിറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.