ചൊവ്വയില്‍ അന്യഗ്രഹജീവന്റെ സാന്നിധ്യം?; സെക്യുര്‍ടീം ടെന്‍ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വീഡിയോ

single-img
23 June 2018

നാസയുടെ ചൊവ്വാദൃശ്യങ്ങള്‍ കാത്തിരിക്കുന്നവരാണ് ബഹിരാകാശ ശാസ്ത്ര കുതുകികള്‍. എന്നാല്‍ അവരേക്കാളേറെ നാസയുടെ ചൊവ്വാദൃശ്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന വേറൊരു കൂട്ടരുണ്ട്. കോണ്‍സ്പിറസി തിയറിസ്റ്റുകളാണവര്‍. നാസ കാണാത്ത കാര്യങ്ങള്‍ ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും കണ്ടെത്തി പുറത്തെത്തിക്കുകയാണ് അവരുടെ ലക്ഷ്യം.

അത്തരത്തില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ പലതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ചൊവ്വ, ചന്ദ്രന്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമല്ല ബഹിരാകാശത്തെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും നാസയിലേക്ക് അയയ്ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും അസാധാരണമായ പല കാഴ്ചകളും കണ്ടെത്തിയിട്ടുണ്ട് ഇവര്‍.

‘സെക്യുര്‍ടീം ടെന്‍’ എന്നറിയപ്പെടുന്നവരാണ് ഇവരില്‍ ഏറ്റവും കുപ്രസിദ്ധരായ ഒരു സംഘം. അഞ്ചു വര്‍ഷത്തിലേറെയായി യൂട്യൂബില്‍ ഇവര്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. ഇവയിലേറെയും അന്യഗ്രഹജീവികളുണ്ടെന്ന് സ്ഥാപിക്കാനുള്ള ‘തെളിവു’കളാണ്. അത്തരമൊരു കാഴ്ചയാണ് പുതിയതായി ചൊവ്വയില്‍ നിന്ന് സെക്യുര്‍ ടെന്‍ ടീം എത്തിച്ചിരിക്കുന്നത്.

ചൊവ്വയിലേക്കയച്ച റോവറില്‍ നിന്നുള്ള വീഡിയോ ആണു സംഘം പരിശോധിച്ചത്. ചൊവ്വാ പ്രതലത്തിന്റെ ചില ചിത്രങ്ങളായിരുന്നു അത്. തുടര്‍ച്ചയായുള്ള ഷോട്ടുകള്‍. ഒറ്റനോട്ടത്തില്‍ വ്യത്യാസം പോലും കണ്ടെത്താനാകില്ല. എന്നാല്‍ സെക്യുര്‍ ടെന്‍ ടീം ഒരു കാര്യം കണ്ടെത്തി. ഒരു ചിത്രത്തിലുള്ള അവ്യക്തമായ ഒരു വസ്തു രണ്ടാമത്തെ ചിത്രത്തിലില്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ ഇതിനോടകം അഞ്ചുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

രണ്ട് ചിത്രങ്ങളുമെടുത്തത് തൊട്ടടുത്ത നിമിഷങ്ങളിലാണ്. അതിനിടെ ചൊവ്വയുടെ അന്തര്‍ഭാഗത്തു നിന്ന് എന്തോ ഒന്നു മുകളിലേക്ക് തലനീട്ടുന്ന പോലെയായിരുന്നു അത്. പെട്ടെന്നു മുകളിലേക്കു വന്ന് എന്തോ കണ്ടപ്പോള്‍ തിരികെ മണ്ണിന്നടിയിലേക്കു പോയതു പോലെ ഇതാണു സെക്യൂര്‍ ടെന്നിന്റെ നിഗമനം.

അന്യഗ്രഹജീവന്റെ സാന്നിധ്യമാണ് അതെന്നാണ് ഇവര്‍ പറയുന്നത്. വളരെ മങ്ങിയ രൂപത്തിലുള്ള ആ ചിത്രങ്ങളാകട്ടെ കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ക്ക് വിശ്വസിക്കാന്‍ തക്ക വലിയ തെളിവുമായിരുന്നു. എന്നാല്‍ ഒരു പാറയ്ക്കു ചുറ്റും കുറച്ചു മണല്‍ത്തരികള്‍ കൂടിച്ചേര്‍ന്നതാണെന്നും കാറ്റടിച്ചപ്പോള്‍ അവ പറന്നു പോയതാണെന്നുമായിരുന്നു ഇതിനുള്ള വിദഗ്ധരുടെ മറുപടി.