മെസി വിരമിക്കുന്നു; ഒപ്പം ഏഴ് താരങ്ങളും

single-img
23 June 2018

നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുന്ന ആരാധകര്‍ക്ക് ഇരട്ടിപ്രഹരമായി പുതിയ വാര്‍ത്തകള്‍. ലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകാലത്തെ മാന്ത്രികനായ ലിയോണല്‍ മെസി ബൂട്ടഴിക്കുമെന്ന വാര്‍ത്തയാണ് അര്‍ജന്റീനന്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ കണ്ണീരണിഞ്ഞപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ഘട്ടത്തിലാണ് മെസി വീണ്ടും നീലപ്പടയുടെ ജെഴ്‌സി അണിഞ്ഞത്. റഷ്യന്‍ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും മെസിയും ആരാധകരും ലക്ഷ്യമിട്ടിരുന്നില്ല.

എന്നാല്‍ കളിക്കളത്തില്‍ മെസിയുടെ ചുവടുകള്‍ പിഴയ്ക്കുന്നത് കണ്ട് ആരാധകരുടെ നെഞ്ചിടിക്കുകയാണ്. ഇതിന് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. മെസി ഒറ്റയ്ക്കാകില്ല പടിയിറങ്ങുക.

മെസിയടക്കം ഏഴ് താരങ്ങളാകും അര്‍ജന്റീനയുടെ ജെഴ്‌സി ഉപേക്ഷിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, മഷെരാനോ, ഹിഗ്വയ്ന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവരാകും മെസിയോടൊപ്പം വിരിമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു