‘നിറത്തിന്റെ പേരിലുള്ള കുത്തുവാക്ക്’ സഹിക്കാന്‍ കഴിയാതായി; ഗൃഹപ്രവേശന ചടങ്ങില്‍ വീട്ടമ്മ പരിപ്പുകറിയില്‍ കീടനാശിനി കലര്‍ത്തി; അഞ്ചുപേര്‍ മരിച്ചു; 120 പേര്‍ക്ക് ഭക്ഷ്യവിഷബാധ

single-img
23 June 2018

മുംബൈ: നിറത്തിന്റെ പേരിലുള്ള അവഹേളനത്തില്‍ മനംമടുത്ത 28 വയസുകാരി അഞ്ച് പേരെ വിഷം കൊടുത്തു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. കുടുംബ സല്‍ക്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ജ്യോതി സുരേഷ് സര്‍വാസെയെ പോലീസ് അറസ്റ്റ് ചെയ്തു.

7 നും 13 നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളും ഒരു മുതിര്‍ന്നയാളുമാണ് മരണത്തിന് കീഴടങ്ങിയത്. 120 ആളുകള്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. വന്‍തോതില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നു ചടങ്ങിനെത്തിയവരെ ചോദ്യം ചെയ്തു. ഇതോടെയാണു യുവതി വലയിലായത്. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ വീടിനു സമീപത്തുനിന്നും കണ്ടെത്തി. രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ നിറത്തിന്റെയും മോശപ്പെട്ട പാചകത്തിന്റെയും പേരില്‍ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നു. ഇതിലുള്ള വിരോധമാണു ഭക്ഷണത്തില്‍ വിഷം കലര്‍ത്താനുള്ള തീരുമാനത്തിലെത്തിച്ചതെന്നു യുവതി മൊഴി നല്‍കി.

ജൂണ്‍ പതിനെട്ടിനായിരുന്നു സല്‍ക്കാരം നടന്നത്. യുവതിയുടെ ബന്ധുക്കളില്‍ രണ്ടുപേരും സംഭവത്തില്‍ മരിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ പ്രാന്ധ്യയെ വീട്ടുകാരും ബന്ധുക്കളും അവഹേളിക്കുന്നതു തുടര്‍ന്നതോടെയാണ് പ്രതികാരം മൂത്ത് അവരെയെല്ലാം വിഷംനല്‍കി കൊല്ലാന്‍ തീരുമാനിച്ചതെന്ന് റായ്ഗഡ് എസ്പി അനില്‍ പരസ്‌കര്‍ പറഞ്ഞു. കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.