ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്

single-img
23 June 2018

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവം ഒത്തുതീര്‍പ്പിലേക്ക്. ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ചേര്‍ന്ന് യുവാവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി. ഇക്കാര്യം യുവാവിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

യുവാവിന്റെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതോടെയാണ് ഒത്തുതീര്‍പ്പിന് ശ്രമവുമായി ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയത്. ഷീന മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം ഗണേഷിനെതിരെ കേസെടുക്കും.

ഇതോടെയാണ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറയുകയോ, മാപ്പ് എഴുതിനല്‍കുകയോ ചെയ്യണമെന്നാണ് മര്‍ദനമേറ്റ യുവാവിന്റെയും കുടുംബത്തിന്റെയും ആവശ്യം. അതേസമയം ഇതു സംബന്ധിച്ച വാര്‍ത്തകളോട് ഗണേഷ് കുമാറോ ബാലകൃഷ്ണപിള്ളയോ എന്‍എസ്എസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.