കോവളത്തെ ലാത്വിയന്‍ യുവതിയുടെ കൊലപാതകം; അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്; സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു

single-img
23 June 2018

തിരുവനന്തപുരം: കോവളത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി സുഹൃത്ത് ആന്‍ഡ്രൂ രംഗത്ത്. പൊലീസിന്റെ ശ്രമം കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ആന്‍ഡ്രൂ ആരോപിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തതായി ആന്‍ഡ്രൂ പറഞ്ഞു. ഇതു സംബന്ധിച്ച് ജൂണ്‍ ആറിന് കേരളാ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്.

കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാന്‍ അവരില്‍ ആകാംഷയുണ്ടെന്ന് തോന്നിയതായും ആന്‍ഡ്രൂ ആരോപിക്കുന്നു.

പോലീസിന് ഇതില്‍ എന്താണ് നേട്ടം. അതുകൊണ്ടാണ് കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നു ഞാന്‍ ആവശ്യപ്പെടുന്നത്. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നും കൊലപാതകം നടന്നതിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20, 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും നിര്‍ബന്ധിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണ്.

മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാര്‍ നേരത്തേ തന്നെ കണ്ടിരുന്നെങ്കിലും അവരും പോലീസിനോട് പറയാന്‍ തയ്യാറാകാഞ്ഞതും ദുരൂഹമാണ്. വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്.

എന്നിട്ടും പോലീസിന് അവളെ കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരും ഇതേപറ്റി പോലീസിനോട് പറഞ്ഞില്ല. പോലീസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ തെളിയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതില്‍ അന്വേഷണം വേണമെന്നും ആന്‍ഡ്രൂ ആവശ്യപ്പെട്ടു.