ചെങ്ങന്നൂരിലെ പിന്തുണയ്ക്ക് സിപിഎമ്മിന്റെ പ്രത്യുപകാരം; ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ

single-img
22 June 2018

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജിനെ ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയാക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സി.പി.എം നേതാവ് എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു.

സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബാലകൃഷ്ണന്‍ ഉപാദ്ധ്യക്ഷ പദവി രാജിവയ്ക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ശോഭനാ ജോര്‍ജിനെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങിയ ശോഭന ജോര്‍ജിനുള്ള സിപിഎമ്മിന്റെ സമ്മാനമാകും പുതിയ പദവി. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് മൂന്നു ടേമുകളിലായി 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. 2016 ല്‍ ശോഭനയെ വിമതയായി രംഗത്തിറക്കിയതും സിപിഎം ആണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഫലത്തില്‍, രണ്ടു തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണു ശോഭന ജോര്‍ജിനുള്ള പുതിയ പദവി.