‘നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് തെളിഞ്ഞു; ബി.ജെ.പിയിലെ കോടിപതികള്‍ക്ക് വേണ്ടിയായിരുന്നു നോട്ട് നിരോധനം’

single-img
22 June 2018

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുന്നത് ഇപ്പോഴാണ്. ബി.ജെ.പിയിലെ കോടിപതികള്‍ക്ക് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.

നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

 

ബി.ജെ.പി.യും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ തുകയാണ് ഇത്. ജനങ്ങളെ വിഡ്ഢികളാക്കി ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നെന്നും സുര്‍ജേവാല ആരോപിച്ചു.

 

ന്യൂസ് 18 നെറ്റ്‌വര്‍ക്കിനും അമിത് ഷായെ പേടിയോ?: അമിത് ഷായ്ക്ക് എതിരായ വാര്‍ത്ത ന്യൂസ് 18 ‘മുക്കി’

 

കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ സഹകരണബാങ്കുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.

ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പുറത്തുവിട്ടപ്പോള്‍ പല ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്തയോട് മുഖം തിരിച്ചു. ബിജെപി അനുഭാവമുള്ള പല മാധ്യമങ്ങളും ഇങ്ങനെയൊരു സംഭവമെ നടന്നിട്ടില്ല എന്ന ഭാവത്തിലായിരുന്നു. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18 ഇതില്‍ ‘ചെപ്പടി വിദ്യയാണ’് സ്വീകരിച്ചത്.

‘നോട്ട് നിരോധനം; ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് അമിത് ഷാ ഡയറക്ടറായ ബാങ്കില്‍; വിവരാവകാശ രേഖ’ എന്ന തലക്കെട്ടില്‍ ന്യൂസ് 18 നാഷണല്‍ വെബ്‌സൈറ്റ് ആദ്യം വാര്‍ത്ത നല്‍കി. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത പിന്‍വലിച്ചു.

ഇപ്പോള്‍ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്ഷമിക്കണം, നിങ്ങള്‍ അന്വേഷിക്കുന്ന പേജ് ഇപ്പോള്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍ ആദ്യം കൊടുത്ത വാര്‍ത്ത ഗൂഗിള്‍ ന്യൂസില്‍ ഇപ്പോഴും ലഭ്യമാണ്. ബിജെപിയുടെ ദേശീയ നേതാക്കള്‍ ഇടപെട്ട് വാര്‍ത്ത പിന്‍വലിപ്പിച്ചതാണ് എന്ന ആരോപണവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഇതേവരെ ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ ആരും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2016 നവംബര്‍ എട്ടിനു നോട്ടു നിരോധനം പ്രാബല്യത്തില്‍ വന്നതു മുതല്‍ നവംബര്‍ 14 വരെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുടെ നിക്ഷേപമാണു അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നടന്നത്.

രാജ്യത്തെ ജില്ല സഹകരണ ബാങ്കുകളിലെത്തിയ ഏറ്റവും വലിയ അസാധു നോട്ട് നിക്ഷേപമാണിത്. ഈ അഞ്ചു ദിവസം കഴിഞ്ഞ് 2016 നവംബര്‍ 14 മുതല്‍ രാജ്യത്തെ ജില്ല സഹകരണ ബാങ്കുകള്‍ അസാധു നോട്ടുകള്‍ സ്വീകരിക്കുന്നത് വിലക്കി കേന്ദ്രം ഉത്തരവിറക്കുകയും ചെയ്തു.

കള്ളപ്പണം സഹകരണ ബാങ്കുകള്‍ വഴി വെളുപ്പിക്കാന്‍ സാധ്യത കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. അമിത് ഷാ ദീര്‍ഘകാലമായി എ.ഡി.സി.ബി ബാങ്കിന്റെ ഡയറക്ടര്‍ പദവിയില്‍ തുടരുന്നുണ്ടെന്നാണ് അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

2000ത്തില്‍ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. 2017 മാര്‍ച്ച് 31ന് എ.ഡി.സി.ബിയുടെ ആകെ നിക്ഷേപം 5050 കോടിയാണ്. 201617ലെ അറ്റാദായം 14.31 കോടിയും. എ.ഡി.സി.ബിക്കു പിന്നില്‍ രാജ്‌കോട്ട് ജില്ല സഹകരണ ബാങ്കാണ് ഏറ്റവുമധികം അസാധുനോട്ട് ലഭിച്ച രാജ്യത്തെ ജില്ല സഹകരണ ബാങ്ക്. 693.19 കോടി.

നിലവില്‍ ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് വിത്തല്‍ ഭായ് റഡാഡിയയാണ് രാജ്‌കോട്ട് ബാങ്കിന്റെ ചെയര്‍മാന്‍. ഗുജറാത്തില്‍ ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട (2001ല്‍) മണ്ഡലവുമാണ് രാജ്‌കോട്ട്.

അഹ്മദാബാദ്‌രാജ്‌കോട്ട് ജില്ല ബാങ്കുകള്‍ ചേര്‍ന്ന് സമാഹരിച്ചത് 1439 കോടിയുടെ അസാധു നോട്ടുകളാണെങ്കില്‍ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന് ആകെ കിട്ടിയത് 1.11 കോടിയുടെ അസാധു നോട്ട് മാത്രം. ഗുജറാത്തില്‍ ജില്ലസംസ്ഥാന സഹ.ബാങ്കുകളില്‍ ലഭിച്ച അസാധു നോട്ട് നിക്ഷേപത്തിന്റെ അന്തരം ഞെട്ടിപ്പിക്കുന്നതാണെന്ന് വിവരാവകാശ നിയമപ്രകാരം(ആര്‍.ടി.െഎ) മറുപടി സമ്പാദിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിെന്റയ (നബാര്‍ഡ്) ചീഫ് ജനറല്‍ മാനേജറും മേലധികാരിയുമായ എസ്. ശരവണവേലാണ് റോയിയുടെ അപേക്ഷക്ക് മറുപടി നല്‍കിയത്. രാജ്യത്തെ ഏഴ് പൊതുമേഖല ബാങ്കുകള്‍ (7.57ലക്ഷം കോടി), 32 സംസ്ഥാന സഹകരണ ബാങ്കുകള്‍ (6407കോടി), 370 ജില്ല സഹകരണ ബാങ്കുകള്‍ (22,271 കോടി), 39 പോസ്റ്റ് ഓഫിസുകള്‍ (4408 കോടി) എന്നിങ്ങനെയാണ് ലഭിച്ച മറ്റ് അസാധു നോട്ട് നിക്ഷേപം. ആകെ 7.91 ലക്ഷം കോടി വരുന്ന ഈ നിക്ഷേപം റിസര്‍വ് ബാങ്കില്‍ എത്തിയ ആകെ അസാധുനോട്ട് തുകയായ15.28 ലക്ഷം കോടിയുടെ 52 ശതമാനമാണ്.