2019ല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും: വീരവാദം മുഴക്കി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

single-img
22 June 2018

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ദ്വിദിന യുകെ ഇന്ത്യ ലീഡര്‍ഷിപ് കോണ്‍ക്ലേവിന്റെ സമാപനച്ചടങ്ങില്‍ ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു ഗോയല്‍.

‘എടുത്തുചാടിയുള്ള അഭിപ്രായപ്രകടനം നടത്തുകയല്ല. പക്ഷേ, ജനങ്ങളില്‍ എനിക്കുള്ള പൂര്‍ണവിശ്വാസം കൊണ്ടാണ് ഞാനിത് പറയുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകളില്‍ വിജയിക്കും. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണം നേടുകയും ചെയ്യും’. ഗോയല്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭാവിവളര്‍ച്ചയ്ക്കുവേണ്ടി സത്യസന്ധവും സുതാര്യവുമായ സംവിധാനം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ വിജയം. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് അതിയായ അഹങ്കാരമില്ല. എന്നാല്‍, തിരഞ്ഞെടുപ്പെത്തുമ്പോള്‍ അക്കാര്യങ്ങള്‍ ജനം മറക്കില്ലെന്ന് ഉറപ്പുണ്ട് – ഗോയല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമായി കുത്തഴിഞ്ഞ നിലയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ ട്രാക്കിലെത്തിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. ഇന്നു രാജ്യാന്തര നിക്ഷേപകരെ ഇന്ത്യ ദിനംപ്രതി കൂടുതല്‍ ആകര്‍ഷിക്കുന്നു.

അഴിമതിയില്ലാത്ത, സുതാര്യമായ സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പത്തുശതമാനം വളര്‍ച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്നു രാജ്യം. ഇന്ത്യ നിക്ഷേപകരുടെ സ്വര്‍ഗമാകുന്ന കാലം വിദൂരത്തല്ലെന്നും ഗോയല്‍ അവകാശപ്പെട്ടു.