ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം ഇനി പി.എസ്.സി വഴി

single-img
22 June 2018

 

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പിന് കൈമാറി. ലാസ്റ്റ് ഗ്രേഡ് സര്‍വീസ് നിയമത്തിലെ ചട്ടങ്ങള്‍ക്ക് ഒരു മാസത്തിനകം ഭേദഗതി വരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്‌സിക്കു വിട്ടിരുന്നു. എന്നാല്‍ സ്‌പെഷല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ്‌സിക്കു കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താല്‍ക്കാലിക നിയമനവുമാണു നടക്കുന്നത്.

സ്‌പെഷല്‍ റൂള്‍സ് വരുന്നതോടെ ഇനിയുള്ള നിയമനങ്ങള്‍ പിഎസ്‌സി വഴിയാകും. നിയമനം പിഎസ്‌സി വഴിയാക്കണമെന്നു ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് 2007ല്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇതനുസരിച്ചാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.