കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

single-img
22 June 2018

തൃശൂർ: കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്‌ബോൾ അക്കാദമിക്ക് തൃശൂർ സെക്രെട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. എസ് എച് അമിഗോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണ്ണൂർ ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടർ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികൾ രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

ഡോ. ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ അഞ്ചുവർഷത്തെ പ്രവർത്തനം സ്പോൺസർ ചെയ്യുന്നത്. ഫുട്ബോൾ താരങ്ങൾക്ക് ബൂട്ടുകളും ജേഴ്സിയും ഡോ. ബോബി ചെമ്മണ്ണൂർ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കോർപ്പറേഷൻ വിദ്യാഭ്യാസ- സ്പോർട്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ മേരി ജസ്ലിൻ സി എം സി നിർവഹിച്ചു. അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ പ്രദർശനവും സംഗീത ദിനാചരണത്തിന്റെ ഭാഗമായി കർണാടക സംഗീത ഫ്യൂഷൻ പരിപാടിയും അരങ്ങേറി.

ലാലി ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പിടിഎ ഭാരവാഹികളായ എ ജെ ഫ്രാൻസി, കെ പി ജോസ് എന്നിവർ ആശംസ നേർന്നു. ഹെഡ് മിസ്ട്രസ് സിസ്റ്റർ മാറിയ ജോസ് സ്വാഗതവും ലാമിയ കെ നന്ദിയും പറഞ്ഞു.