സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായി: അനുശ്രീ

single-img
22 June 2018

കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് അനുശ്രീ. സിനിമയിലേക്കുള്ള വരവില്‍ തുടക്കകാലത്ത് താന്‍ ഏറെ വിഷമങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് അനുശ്രീ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.

അനുശ്രീയുടെ വാക്കുകള്‍:

ഞാനൊരു നാട്ടിന്‍പുറത്തുകാരിയാണ്. എന്റെ അച്ഛനും അമ്മയും അണ്ണനും അതുപോലെ തന്നെയാണ്. അവിടെയൊക്കെ ഒരു പെണ്‍കുട്ടി ഡിഗ്രി കഴിയാറാകുമ്പോഴേക്കും വിവാഹിതയാകും. അതല്ലാതെ, പഠനം പൂര്‍ത്തിയാക്കി ജോലികിട്ടി വിവാഹം കഴിക്കുക എന്നത് വളരെ വിരളമാണ്. ഡിഗ്രി കഴിഞ്ഞാല്‍ ഭര്‍ത്താവ് പഠിപ്പിക്കുകയാണെങ്കില്‍ പഠിക്കട്ടെ, നമ്മുടെ ബാധ്യത ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന കൂട്ടരാണ്. ഇപ്പോള്‍ അല്‍പം മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.

എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണെന്നാണ് കരുതിയത്. എന്നാല്‍ എന്റെ വീട്ടുകാരുടെ സപ്പോര്‍ട്ടാണ് സിനിമയില്‍ എത്തിച്ചത്. എന്റെ അണ്ണന്‍ തന്നെയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പിന്തുണ നല്‍കിയത്. അച്ഛന്‍ എതിര്‍ത്തപ്പോഴും അണ്ണന്‍ കൂടെയുണ്ടായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരില്‍ ആല്‍ബത്തില്‍ അഭിനയിക്കാന്‍ ബസില്‍ പോലും കൊണ്ടുപോകാതെ ബൈക്കിലായിരുന്നു അണ്ണന്‍ എന്നെ കൊണ്ടുപോയതും തിരിച്ചു വീട്ടിലേക്കെത്തിച്ചതും.

ദേ നമ്മുടെ നാട്ടിലെ കുട്ടി സിനിമയില്‍ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് തുടക്കത്തില്‍ ആരും വന്നില്ല. സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായി. ഞാനെന്തോ തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ആ നാട്ടില്‍ നിന്നുകൊണ്ട് നാട്ടിലെ ആള്‍ക്കാരുടെ അവഗണന ഏറ്റുവാങ്ങുക എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അവരെ കുറ്റം പറയാനും പറ്റില്ല, സിനിമയെ മോശം ലോകമായാണ് അവര്‍ കണ്ടിരുന്നത്. ഏതു പ്രൊഫഷണലിലും തെറ്റായിട്ട് പോകേണ്ടവര്‍ക്ക് പോകാമല്ലോ അത് അവര്‍ മനസ്സിലാക്കിയിരുന്നില്ല.

പിന്നീട് ഡയമണ്ട് നെക്ലസ് കഴിഞ്ഞ് ചാനലുകളിലൊക്കെ എന്നെ കണ്ടുതുടങ്ങി. പലരും അവരോട് നിങ്ങളുടെ നാട്ടുകാരിയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവര്‍ക്കും അഭിമാനമാണ്. നാലഞ്ച് വര്‍ഷം കൊണ്ട് എനിക്ക് അവരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്‌നേഹത്തില്‍ തുടക്ക കാലത്തെ ദു:ഖങ്ങളൊക്കെ ഒലിച്ചുപോയി.