സഹകരണ ബാങ്കുകള്‍ക്കെതിരെ അന്ന് ‘ഒച്ചപ്പാടുണ്ടാക്കിയ’ ബിജെപിക്കാര്‍ ഇപ്പോള്‍ എവിടെയാണാവോ?: അമിത്ഷാ ഡയറക്ടറായ ബാങ്കിലെ 745 കോടിയുടെ നിക്ഷേപത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ക്ക് മൗനം

single-img
22 June 2018

ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ പ്രതിക്കൂട്ടിലാക്കുന്ന വിവരാവകാശ രേഖയെക്കുറിച്ച് നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. അസാധു നോട്ടുകളുടെ നിക്ഷേപത്തില്‍ അമിത് ഷാ ഡയറക്ടറായുള്ള ബാങ്കിന് ഒന്നാം സ്ഥാനമെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

എന്നാല്‍ ഇതേവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ ആരും തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2016 നവംബര്‍ എട്ടിനു നോട്ടു നിരോധനം പ്രാബല്യത്തില്‍ വന്നതു മുതല്‍ നവംബര്‍ 14 വരെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുടെ നിക്ഷേപമാണു അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നടന്നത്.

രാജ്യത്തെ ജില്ല സഹകരണ ബാങ്കുകളിലെത്തിയ ഏറ്റവും വലിയ അസാധു നോട്ട് നിക്ഷേപമാണിത്. ഈ അഞ്ചു ദിവസം കഴിഞ്ഞ് 2016 നവംബര്‍ 14 മുതല്‍ രാജ്യത്തെ ജില്ല സഹകരണ ബാങ്കുകള്‍ അസാധു നോട്ടുകള്‍ സ്വീകരിക്കുന്നത് വിലക്കി കേന്ദ്രം ഉത്തരവിറക്കുകയും ചെയ്തു.

കള്ളപ്പണം സഹകരണ ബാങ്കുകള്‍ വഴി വെളുപ്പിക്കാന്‍ സാധ്യത കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. അമിത് ഷാ ദീര്‍ഘകാലമായി എ.ഡി.സി.ബി ബാങ്കിന്റെ ഡയറക്ടര്‍ പദവിയില്‍ തുടരുന്നുണ്ടെന്നാണ് അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

2000ത്തില്‍ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. 2017 മാര്‍ച്ച് 31ന് എ.ഡി.സി.ബിയുടെ ആകെ നിക്ഷേപം 5050 കോടിയാണ്. 201617ലെ അറ്റാദായം 14.31 കോടിയും. എ.ഡി.സി.ബിക്കു പിന്നില്‍ രാജ്‌കോട്ട് ജില്ല സഹകരണ ബാങ്കാണ് ഏറ്റവുമധികം അസാധുനോട്ട് ലഭിച്ച രാജ്യത്തെ ജില്ല സഹകരണ ബാങ്ക്. 693.19 കോടി.

നിലവില്‍ ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് വിത്തല്‍ ഭായ് റഡാഡിയയാണ് രാജ്‌കോട്ട് ബാങ്കിന്റെ ചെയര്‍മാന്‍. ഗുജറാത്തില്‍ ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട (2001ല്‍) മണ്ഡലവുമാണ് രാജ്‌കോട്ട്.

അഹ്മദാബാദ്‌രാജ്‌കോട്ട് ജില്ല ബാങ്കുകള്‍ ചേര്‍ന്ന് സമാഹരിച്ചത് 1439 കോടിയുടെ അസാധു നോട്ടുകളാണെങ്കില്‍ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന് ആകെ കിട്ടിയത് 1.11 കോടിയുടെ അസാധു നോട്ട് മാത്രം. ഗുജറാത്തില്‍ ജില്ലസംസ്ഥാന സഹ.ബാങ്കുകളില്‍ ലഭിച്ച അസാധു നോട്ട് നിക്ഷേപത്തിന്റെ അന്തരം ഞെട്ടിപ്പിക്കുന്നതാണെന്ന് വിവരാവകാശ നിയമപ്രകാരം(ആര്‍.ടി.െഎ) മറുപടി സമ്പാദിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിെന്റയ (നബാര്‍ഡ്) ചീഫ് ജനറല്‍ മാനേജറും മേലധികാരിയുമായ എസ്. ശരവണവേലാണ് റോയിയുടെ അപേക്ഷക്ക് മറുപടി നല്‍കിയത്. രാജ്യത്തെ ഏഴ് പൊതുമേഖല ബാങ്കുകള്‍ (7.57ലക്ഷം കോടി), 32 സംസ്ഥാന സഹകരണ ബാങ്കുകള്‍ (6407കോടി), 370 ജില്ല സഹകരണ ബാങ്കുകള്‍ (22,271 കോടി), 39 പോസ്റ്റ് ഓഫിസുകള്‍ (4408 കോടി) എന്നിങ്ങനെയാണ് ലഭിച്ച മറ്റ് അസാധു നോട്ട് നിക്ഷേപം. ആകെ 7.91 ലക്ഷം കോടി വരുന്ന ഈ നിക്ഷേപം റിസര്‍വ് ബാങ്കില്‍ എത്തിയ ആകെ അസാധുനോട്ട് തുകയായ15.28 ലക്ഷം കോടിയുടെ 52 ശതമാനമാണ്.