എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞു; അജ്ഞാതനെതിരെ പോലീസ് കേസെടുത്തു

single-img
22 June 2018

തിരുവനന്തപുരം: തന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞെന്ന എ.ഡി.ജി.പി സുധേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ തന്റെ വീട്ടിലെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്നാണ് എ.ഡി.ജി.പിയുടെ പരാതി.

ഇതിനെ തുടര്‍ന്ന് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം അനുസരിച്ചാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. എന്നാല്‍ കല്ലെറിഞ്ഞത് ആരാണെന്ന് വ്യക്തമായിട്ടില്ല. എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംഭവം.

സുദേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയത്. വിഷയത്തില്‍ സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്നു നീക്കുകയും ചെയ്തു. ഡ്രൈവര്‍ക്കെതിരെ എഡിജിപിയുടെ മകളും പിന്നീട് എഡിജിപിയും പരാതി നല്‍കിയിരുന്നു.

അതിനിടെ ഗവാസ്‌കറിനെ അക്രമിച്ച കേസില്‍ ആശുപത്രി രേഖയും എഡിജിപിയുടെ മകളുടെ മൊഴിയും രണ്ടുതരത്തില്‍. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കും. സുദേഷ്‌കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് സമയം ചോദിച്ചു.