യു.എസില്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ഇനി കുട്ടികളെ അകറ്റില്ല; ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപ് കുടിയേറ്റ നയം തിരുത്തി

single-img
21 June 2018

അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും എന്നാല്‍ കുടുംബത്തെ വേര്‍പിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കുട്ടികളെ വേര്‍പെടുത്താനുള്ള വിവാദ നീക്കത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തിരുത്ത്.

കുടുംബങ്ങളെ വേര്‍പിരിക്കുന്ന കുടിയേറ്റ നയത്തിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപും മുന്‍ പ്രഥമ വനിത ലോറാ ബുഷും രംഗത്തുവന്നിരുന്നു. അനധികൃതമായി അഭയാര്‍ത്ഥികളെ തടവിലാക്കുകയും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നതില്‍ നിന്നും പിന്‍മാറണമെന്ന യുഎന്നും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് തന്റെ നിലപാടുകളില്‍ കാര്യമായ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായത്. മാതാപിതാക്കളെ കുട്ടികളില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനു പുറമേ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യാനും നിഷ്‌കര്‍ഷിക്കുന്നതായിരുന്നു പഴയ ബില്‍.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ മാത്രം അന്‍പതിനായിരത്തിലധികം പേരാണ് അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ ജയിലാക്കപ്പെട്ടത്. ഈ കാലയളവില്‍ 8400 കുട്ടികളെയും അതിര്‍ത്തികളില്‍ നിന്ന് പിടികൂടിയിരുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് അഭയാര്‍ഥി തടവുകാരാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ മോചനവും വിചാരണയും കാത്ത് കഴിയുന്നത്.