ഓറഞ്ച് ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്ന ശേഷം ഹൃദയാഘാതമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു: ഭര്‍ത്താവിനെ കൊല്ലാന്‍ സോഫിയയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയുടെ തിരക്കഥ പൊലീസ് പൊളിച്ചത് ഇങ്ങനെ

single-img
21 June 2018

ഓസ്‌ട്രേലിയയില്‍ കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവ് സാം എബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയും, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് നീക്കങ്ങള്‍ നടത്തിയത് വളരെ രഹസ്യമായി. ഇവരെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത് ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമാണ്.

അല്ലെങ്കില്‍ ഇത് സാധരാണ ഒരു ഹൃദയസ്തംഭന മരണ വാര്‍ത്തയായി ചുരുങ്ങിയേനെ. സോഫിയയെയും അരുണിനെയും പിന്തുടര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമായത്. മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെല്‍ബണിലേക്കു മടങ്ങി. എന്നാല്‍, ഇതിനുശേഷമായിരുന്നു സംഭവത്തിന്റെ ട്വിസ്റ്റ്. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയും സോഫിയയുടെയും തുടര്‍ന്ന് അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.

തീവ്ര പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.

ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഒഴിച്ചുകൊടുത്തതാകാം എന്നായിരുന്നു ഫോറന്‍സിക് വിദഗ്ധരുടെയും നിരീക്ഷണം. അതിന് സാധുത നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. എങ്ങനെയാണ് സാമിന്റെ വീട്ടില്‍ കടന്നതെന്ന കാര്യം ഉള്‍പ്പെടെ സ്‌കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അരുണ്‍ അതേക്കുറിച്ച് പറയുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങും പോലീസ് കോടതിയില്‍ ഹാജരാക്കി.

‘സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീടിന് പരിസരത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ താന്‍ മറഞ്ഞു നിന്നു. കാറില്‍ പുറത്തു പോയ സോഫിയ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാറിനു പിന്നാലെ സോഫിയ അറിയാതെ ഗാരേജില്‍ പ്രവേശിച്ചു.

അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു’ എന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പോലീസിനോട് കുറ്റസമ്മതം നടത്തിയ ഈ ഓഡിയോ ക്ലിപ്പായിരുന്നു പ്രധാന തെളിവായി കോടതി പരിഗണിച്ചത്.

പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. അതേസമയം വീട്ടില്‍ അവോക്കാഡോ ഷേക്ക് ഉണ്ടാക്കുമെന്ന കാര്യവും രാത്രി സോഫിയ പുറത്തുപോകുമെന്നതും അരുണ്‍ എങ്ങനെ അറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചോദിച്ചത്. സോഫിയ പറഞ്ഞാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ അരുണ്‍ അറിയുകയുള്ളൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മാത്രമല്ല, ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളില്‍ അരുണിന് എങ്ങനെ കയറാന്‍ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് വിഷം കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചുകൊടുക്കുമ്പോള്‍ ഒരേ കട്ടിലില്‍ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ സംശയം കോടതിയില്‍ ഉയര്‍ത്തി.

താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സോഫിയ കോടതിയില്‍ പറഞ്ഞതെങ്കിലും പ്രോസിക്യൂഷന്റെ നിരീക്ഷണങ്ങളും സാഹചര്യത്തെളിവുകളാണ് സോഫിയയെ കുടുക്കിയത്. സോഫിയ അറിയാതെ കൊലപാതകം നടക്കില്ല എന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പ്രോസിക്യഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.

കേസില്‍ അരുണിന്റെയും സോഫിയയുടെയും ബന്ധം തെളിയിക്കുന്ന ഇരുവരുടെയും ഡയറികുറിപ്പുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമുള്ള ഈ ഡയറിക്കുറിപ്പുകളില്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഉണ്ടായിരുന്നു.

സാം മരിക്കുന്നതിന് മുന്‍പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്. അരുണിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും തെളിവുകളും കോടതിയില്‍ പോലീസ് ഹാജരാക്കിയിരുന്നു. ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു.

27 വര്‍ഷം ജയില്‍ശിക്ഷക്ക് വിധിച്ച അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല. സോഫിയയ്ക്ക് പരോള്‍ ലഭിക്കാന്‍ 18 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയ അഭ്യര്‍ത്ഥിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.

മകന്‍ ഇപ്പോള്‍ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം പരാമര്‍ശിച്ച കോടതി സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്നും നിരീക്ഷിച്ചു. മൂന്നു വര്‍ഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം അരുണ്‍ കമലാസനന്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഇരയാണ് സാം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

അരുണിന് ശിക്ഷാ ഇളവ് നല്‍കാന്‍ അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുതിയിരുന്നു എന്നാല്‍ അരുണിന്റെ തന്നെ നടപടികളാണ് അവരെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് കടുത്ത വിധി പുറപ്പെടുവിച്ചത്..