സെല്‍ഫിയെടുക്കുന്നതിനിടെ യുവതി മലമുകളില്‍ നിന്ന് വീണ് മരിച്ചു

single-img
21 June 2018

മുംബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 500 അടി താഴ്ചയിലുള്ള താഴ്‌വരയിലേക്കാണ് യുവതി പതിച്ചത്. സരിത രാംരമേഷ് ചൗഹാന്‍(33) ആണ് മരിച്ചത്. മുംബൈക്ക് അടുത്ത് റെയ്ഗാഡ് ജില്ലയില്‍ മതെരാന്‍ ഹില്‍സ്‌റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം.

മതെരാനിലുള്ള ലൂയിസ പോയിന്റില്‍ വച്ച് സെല്‍ഫിയെടുക്കുകയായിരുന്നു ഇവര്‍. ശക്തമായ കാറ്റില്‍ ബാലന്‍സ് തെറ്റിയ ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവസമയത്ത് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാനും കുട്ടികളും ഒപ്പമുണ്ടായിരുന്നു.

പോലീസ് ആദിവാസി സംഘത്തിന്റെയും പര്‍വതാരോഹകരുടേയും സഹായത്തോടെ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയില്‍ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമാണ് മതെരാന്‍ മലനിരകള്‍.