ലോകത്തെ ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി

single-img
21 June 2018

ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദെഹ്‌റാദൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മോദിക്കൊപ്പം 50,000 പേരും യോഗ ചെയ്തു. 2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്. യുഎന്‍ പൊതുസഭയില്‍ 2014 സെപ്റ്റംബര്‍ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം യുഎന്‍ ഏറ്റെടുക്കുകയായിരുന്നു.

‘ദെഹ്‌റാദൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’. അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി സമാധാനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.