മോദി അവിവാഹിതനാണെന്ന് മധ്യപ്രദേശ് ഗവര്‍ണര്‍: ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് തിരിച്ചടിച്ച് യശോദ ബെന്‍: വീഡിയോ

single-img
21 June 2018

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ മോദിയുടെ അകന്നുകഴിയുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. ഗവര്‍ണര്‍ ആനന്ദിബെന്നിനെപ്പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടായത് തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് യശോദ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ ഹാര്‍ദയിലെ തിമാരിയില്‍ നടന്ന ഒരു അംഗനവാടി പരിപാടിയില്‍ വെച്ചായിരുന്നു ആനന്ദീബെനിന്റെ പ്രസ്താവന. ”നരേന്ദ്രബായ് വിവാഹിതനല്ല, പക്ഷേ, ജനനസമയത്തിന് മുമ്പും ശേഷവും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വേദനയും പ്രശ്‌നങ്ങളും അദ്ദേഹത്തിന് മനസ്സിലാകു”മെന്നായിരുന്നു ആനന്ദീബെന്‍ ചടങ്ങിനിടെ പറഞ്ഞത്.

പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് വിമര്‍ശനവുമായി യശോദബെന്‍ രംഗത്തെത്തിയത്. മോദി അവിവാഹിതനാണെന്ന ഈ പ്രസ്താവന കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് യശോദ ബെന്‍ രംഗത്തെത്തിയിരിക്കുന്നത്.

വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ലിപ്പില്‍ എഴുതിത്തയ്യാറാക്കിയ തന്റെ മറുപടി വായിക്കുകയാണ് യശോദബെന്‍. തനിക്ക് തന്റെ ഭര്‍ത്താവ് രാമന് തുല്യമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരായാലും അവസാനിപ്പിക്കണമെന്നും അവര്‍ പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ത്തന്നെ വിവാഹക്കാര്യം മോദി പറഞ്ഞിട്ടുള്ളതാണ്. ആനന്ദിബെനിന്റെ നടപടി മോദിയെ താഴ്ത്തിക്കെട്ടുന്നതാണ്. അദ്ദേഹം എനിക്ക് ബഹുമാന്യനാണ്, അദ്ദേഹം എന്റെ ശ്രീരാമനാണ്.’ യശോദബെന്‍ പറഞ്ഞു.

നരേന്ദ്രമോദി യശോധബെന്‍ വിവാഹം ശൈശവ വിവാഹമായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായെങ്കിലും പിന്നീട് മോദി വീട് വിട്ടുപോകുകയായിരുന്നു. കുറച്ചു കാലം മോദിയുടെ വീട്ടുകാര്‍ക്കൊപ്പം താമസിച്ച യശോദബെനും പിന്നീട് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു.