ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്: മുണ്ടക്കയത്ത് പിതാവ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോലീസിന്റെ ‘ദൃശ്യം മോഡല്‍’ പരിശോധന

single-img
21 June 2018

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്ത് പോലീസ് പരിശോധന നടത്തി.

ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മാണ സ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് വിവരം. ഇവിടെ ‘ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ പരിശോധനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. കെട്ടിടം കുഴിച്ച് പരിശോധിച്ചില്ല പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിച്ചെന്നാണു വിവരം. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചിരുന്നു. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

ജെസ്‌നയുടെ വീട്ടില്‍നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. അതിനിടെ ജെസ്‌നയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശങ്ങളും കോള്‍ വിവരങ്ങളും പൊലീസ് വീണ്ടെടുത്തു.

അന്വേഷണത്തില്‍ സഹാകരമായ ചില വിവരങ്ങളും സന്ദേശങ്ങളില്‍ ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കേസന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പൊലീസിന്റെവാദം. ലക്ഷക്കണക്കിനു കോളുകള്‍ പൊലീസ് പരിശോധിച്ചതില്‍ നിന്ന് ആരിലേക്കൊക്കെ അന്വേഷണം കേന്ദ്രീകരിക്കണമെന്നതില്‍ കൂടുതല്‍ വ്യക്തതയും വന്നിട്ടുണ്ടെന്നാണ് വിവരം.

സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് ജസ്‌നയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. എന്നാലിത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. കാണാതായ മാര്‍ച്ച് 22ന് തലേദിവസം ജസ്‌ന യുവാവിന് അയച്ച സന്ദേശവും വീണ്ടെടുത്തവയില്‍പെടുന്നു.

താന്‍ മരിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു സന്ദേശം. ഈ സന്ദേശമായിരുന്നു അവസാനമായി മൊബൈല്‍ഫോണിലുണ്ടായിരുന്നത്. ജസ്‌നയുടെ സുഹൃത്തായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവ് ആയിരത്തിലധികം തവണ ജസ്‌നയെ മൊബൈലില്‍ വിളിച്ചിരുന്നതായി നേരത്തെതന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭ്യമായിരുന്നില്ല. ഇയാളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നതായി അറിയുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള അന്വേഷണം. ജസ്‌നയുടെ സഹപാഠികള്‍, ആണ്‍സുഹൃത്ത്, കുടുംബാംഗങ്ങള്‍, തുടങ്ങിയ നൂറ്റിയമ്പതോളം പേരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതിനിടെ ജസ്‌നയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തടക്കം സംശയമുള്ള എല്ലാവരിലും അന്വേഷണം എത്തും. ഒരു മേഖല മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം.

അതേസമയം, വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികള്‍ക്കു നല്‍കിയത്.

അടുത്ത ബന്ധുക്കള്‍ക്കു ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയോടു പറഞ്ഞത്. കാണാതായ ദിവസം മുക്കൂട്ടുതറയില്‍നിന്ന് ജെസ്‌ന ബസ് കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറില്‍ യാത്രചെയ്തിരുന്നുവെന്നു ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിനു മൊഴികൊടുത്തുവെന്നും എന്നാല്‍, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണു മറ്റൊരു പരാതി.